സംഭരിച്ച നെല്ലിന്റെയും തേങ്ങയുടെയുമൊക്കെ പണം നൽകാതെ സാന്പത്തികപ്രതിസന്ധിയുടെ പേരു പറഞ്ഞ് സർക്കാർ കൈമലർത്തുന്പോൾ കർഷകരുടെ ദുരിതം പൂർണമാകുന്നു. കർഷകർക്ക് രാസവളം ഇനത്തിലുള്ള സബ്സിഡികളും താങ്ങുവിലകളും ഏറെക്കുറെ നിർത്തലാക്കിക്കഴിഞ്ഞു.
ഇന്ന് ചിങ്ങം ഒന്ന്. വീണ്ടുമൊരു കർഷകദിനംകൂടി. പ്രതീക്ഷയുടെ നല്ല നാളെയെക്കുറിച്ചുള്ള സങ്കല്പങ്ങൾക്കൊപ്പം കർഷകരെ ഓർക്കാനും അവരെ വാഴ്ത്താനുമുള്ള ദിനം. അധികൃതരുടെ കടുത്ത അവഗണനയ്ക്കും വിവിധങ്ങളായ പ്രതിസന്ധികൾക്കും പുറമെ മഴത്തോതിലെ ഗണ്യമായ കുറവ് നൽകുന്ന ആശങ്കയ്ക്കിടയിലാണ് ഇക്കുറി കർഷകദിനമെത്തുന്നത്. അതിനാൽത്തന്നെ ഈ ദിനത്തിൽ ആഹ്ലാദത്തിന്റെ നിറപൊലിയല്ല; മറിച്ച്, ആശങ്കയുടെ കാർമേഘങ്ങളാണ് കർഷകരുടെ മനസിൽ.
കൃഷിയിൽനിന്ന് നിത്യനിദാന ചെലവിനുപോലും പണം കണ്ടെത്താനാകാത്ത ദുരവസ്ഥയിലാണിന്നു കർഷകർ. കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും പ്രവൃത്തിതലത്തിൽ ഇവയിലധികവും എത്തുന്നില്ല. കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെയും തേങ്ങയുടെയുമൊക്കെ പണം നൽകാതെ സാന്പത്തികപ്രതിസന്ധിയുടെ പേരു പറഞ്ഞ് സർക്കാർ കൈമലർത്തുന്പോൾ കർഷകരുടെ ദുരിതം പൂർണമാകുന്നു. ഇതര രാജ്യങ്ങൾ കൃഷിക്കും കർഷകർക്കും മുന്തിയ പരിഗണന നൽകുന്പോൾ ഇവിടെ കർഷകർ പുറംതള്ളപ്പെടുന്നു. കർഷകർക്ക് രാസവളം ഇനത്തിലുള്ള സബ്സിഡികളും താങ്ങുവിലകളും ഏറെക്കുറെ നിർത്തലാക്കിക്കഴിഞ്ഞു. ഇൻഷ്വറൻസിന്റെ പേരിലും കടാശ്വാസത്തിന്റെ പേരിലും കർഷകരെ വഞ്ചിച്ചു.
വിലയിടിവും ഉത്പാദനക്കുറവും രോഗ-കീട ബാധയും വന്യമൃഗശല്യവുമെല്ലാം കർഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. ഉത്പാദനച്ചെലവും പണിക്കൂലിയും അനുദിനം കുതിക്കുന്പോൾ നാളികേരവില കീഴോട്ടു പോകുന്നു. തേങ്ങ സംഭരിച്ച പണം കർഷകർക്കു മാസങ്ങളായി കുടിശികയാണ്.
നെല്ലിന്റെ സംഭരണവില വൈകുന്നത് അവരെ വലിയ ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നത്. ആറു മാസം മുന്പുവരെ നൽകിയ നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. ഒരുകാലത്ത് സന്പദ്സമൃദ്ധിയിലേക്കു നയിച്ച റബർ കൃഷിയിൽ നഷ്ടങ്ങളുടെ കണക്ക് മാത്രമേ ഇന്നു കേൾക്കാനുള്ളൂ. ടയർലോബിയുടെ ഇടപെടൽ മൂലം വില ഉയരുന്നില്ല. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ സ്ഥിതിയും മറിച്ചല്ല.
ഇതിനെല്ലാം പുറമെയാണ് വന്യമൃഗശല്യം. കാട്ടുപന്നികൾ കുത്തിമറിച്ചതും ആനക്കൂട്ടം ചവിട്ടിമെതിച്ചതുമായ കൃഷിയിടങ്ങൾ പതിവുകാഴ്ചയായിരിക്കുന്നു. അനുദിനം വർധിച്ചുവരുന്ന കുരങ്ങുശല്യവും കർഷകരെ തളർത്തുന്നു. മലയോരമേഖലയിൽ പലയിടത്തും തെങ്ങിന്റെ വിളവെടുപ്പുകാർ കുരങ്ങുകളാണ്. ഇതിനെല്ലാം പുറമെ കർഷകരെ തീർത്തും പറിച്ചെറിയുന്ന തെറ്റായ വനനിയമങ്ങൾകൂടിയാകുന്പോൾ ദുരിതം പൂർണമാകുന്നു.
ജലസമൃദ്ധമാകേണ്ട അണക്കെട്ടുകളും നദികളും തോടുകളുമെല്ലാം വറ്റിവരണ്ടു കിടക്കുന്ന അത്യന്തം ആശങ്ക നൽകുന്ന അവസ്ഥയിലാണ് ഇക്കുറി ചിങ്ങം വന്നണയുന്നത്. ഇനി കാലംതെറ്റി കാലവർഷം പെയ്തുതീർത്താൽത്തന്നെ കാർഷികമേഖലയ്ക്കുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണനങ്ങൾ നമ്മുടെ നാടിനെയും വരിഞ്ഞുമുറുക്കുകയാണോയെന്ന ആശങ്ക ഇല്ലാതില്ല.
മുൻ വർഷങ്ങളിൽ കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ്. എന്നാൽ ഇത്തവണ മാസം പകുതി പിന്നിട്ടിട്ടും ലഭിക്കേണ്ട മഴയുടെ പത്തുശതമാനം മാത്രമേ പെയ്തിട്ടുള്ളൂ. ജൂൺ മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തു ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റർ മഴയാണ്. ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റർ മാത്രം. 44 ശതമാനം കുറവ്.
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങളിലെ തിരിച്ചടികൾ പരിഹരിക്കാനുള്ള ശാസ്ത്രീയമാർഗങ്ങളിലേക്ക് കർഷകരെ നയിക്കേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവപൂർവം ആലോചിക്കണം.
ഇതിനെല്ലാം പുറമേ, നമ്മുടെ കുഞ്ഞുങ്ങൾ കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും അറിയണം. പാഠ്യപദ്ധതികളിൽ കർഷകനും കാർഷികവൃത്തിക്കും മുൻഗണന നൽകണം. ഈ തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞാലേ പുതുതലമുറ കൃഷിയിലേക്കു വരൂ. പുതുതലമുറ കടന്നുവന്നാൽ മാത്രമേ കൃഷി രക്ഷപ്പെടൂ. ഇക്കാര്യത്തിൽ സർക്കാരുകളുടെ ആത്മാർഥമായ പിന്തുണയുണ്ടാകണം. അല്ലെങ്കിൽ വർഷംതോറും ആവർത്തിക്കുന്ന വ്യർഥമായ ആചാരങ്ങളിലൊന്നായി കർഷകദിനാചരണവും മാറും.