മരണവാറണ്ടുമായി ലഹരിയുടെ ഗൃഹപ്രവേശം
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിന് കൊലപാതകങ്ങളും അക്രമങ്ങളും തടയാനായെന്നു വരില്ല. സാമൂഹിക പ്രവർത്തകരും മതസംഘടനകളും മാധ്യമങ്ങളുമൊക്കെ പുത്തൻ ഭീഷണികളെ നേരിടാനുള്ള മാർഗങ്ങൾ ആരായേണ്ടതുണ്ട്. അല്ലെങ്കിൽ, പാലു കൊടുത്തു വളർത്തിയവരെ പോലും കാലപുരിക്കയയ്ക്കുന്ന ജന്മങ്ങൾ നാടാകെ പെരുകും.
ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനാണ് ഇടുക്കിയിൽ മകന്റെ കൈയിലിരുന്ന ഗ്ലാസുകൊണ്ടുള്ള അടിയേറ്റ് അമ്മ മരിച്ചത്. കിടപ്പുരോഗിയായിരുന്ന ആ അമ്മ അന്ത്യശ്വാസം വലിച്ചപ്പോൾ ചിന്തിച്ചതെന്തായിരിക്കും? ഒരു പക്ഷേ, അവൻ കുഞ്ഞായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ കഥ പറഞ്ഞും പാട്ടുപാടിയും പിന്നാലെ ഓടിനടന്നതും, സമയത്തെക്കുറിച്ചു ചിന്തിക്കാതെ വാത്സല്യത്തോടെ കഴിപ്പിച്ചതുമൊക്കെ ആയിരിക്കാം. പക്ഷേ, കൊടുത്ത സ്നേഹത്തിന്റെ ഒരംശവും തിരിച്ചുകിട്ടാതെ അതേ മകന്റെ അടിയേറ്റു മരിക്കാനായിരുന്നു അമ്മയുടെ ദുർവിധി. എത്ര ഭയാനകമായ ആഘാതവും വേദനയുമാണ് അത്. ഇതിപ്പോൾ ഒറ്റപ്പെട്ടൊരു ക്രൂരതയല്ലാത്തതിനാൽ കേരളം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ജൂലൈ 30നാണ് ഇടുക്കിയിലെ കൊലപാതകം നടന്നത്. കിടപ്പുരോഗിയായ അമ്മ ഭക്ഷണം തുപ്പിക്കളഞ്ഞതിനാണത്രേ കൈയിലിരുന്ന ഗ്ലാസ് കൊണ്ട് മകൻ തലയ്ക്കടിച്ചത്. അരിശം തീരാതെ തല ഭിത്തിയിലിടിപ്പിക്കുകയും ചെയ്തു. കട്ടിലിൽനിന്നു താഴെ വീണതാണെന്നു പറഞ്ഞ് അയൽക്കാരെയും കൂട്ടി മകൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴാം തീയതി അമ്മ മരിച്ചു. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരാഴ്ച മുന്പാണ് പത്തനംതിട്ട പരുമല സ്വദേശികളായ കൃഷ്ണൻകുട്ടിയെയും ശാരദയെയും മകൻ അനിൽ കുമാർ വകവരുത്തിയത്. സ്വത്തുതർക്കത്തെ തുടർന്നുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
പക്ഷേ, അതിനൊക്കെ മുന്പും മകൻ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സഹികെട്ട് വേറെ വീടു വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന രണ്ടുപേർക്കും മകനോടൊപ്പം ജീവിക്കാൻ എത്തിയതിന്റെ മൂന്നാം നാൾ ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ ഭരണിക്കാവിൽ മദ്യപിക്കാൻ പണം നൽകാതിരുന്നതിന് അറുപത്തിയഞ്ചുകാരി രമയെ മകൻ നിഥിൻ കഴുത്തു ഞെരിച്ചു കൊന്നത് കഴിഞ്ഞ മാർച്ചിൽ. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളായിരുന്നു പ്രതി. മാതാപിതാക്കളെ മക്കളും, മക്കളെ മാതാപിതാക്കളും ആക്രമിക്കുന്ന വാർത്തകളുടെ എണ്ണം കേരളത്തിലും വർധിക്കുകയാണ്. പണത്തോടുള്ള ആർത്തിയും ശിഥിലമായ കുടുംബബന്ധങ്ങളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവുമാണ് പ്രധാന കാരണങ്ങൾ.
ഇന്നലെയാണ് അടിമാലിയിൽ മദ്യപാനി മകനെ വെട്ടി പരിക്കേൽപ്പിച്ച വാർത്ത പുറത്തുവന്നത്. തടയാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. മദ്യപിച്ചു സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കുന്നതു ചോദ്യം ചെയ്തതിനാണ് മകനെ വെട്ടിയത്. മദ്യക്കച്ചവടം കുറഞ്ഞ ബെവ്കോ ഔട്ട്ലെറ്റുകളിലെ മാനേജർമാരോട് വിശദീകരണം ചോദിച്ച ബിവറേജസ് കോർപറേഷനും സർക്കാരും സമൂഹവുമൊക്കെ ഈ അപകടം തിരിച്ചറിയണം. മറ്റു പല കാരണങ്ങളുമുണ്ടെങ്കിലും കൊലപാതകത്തിനും അക്രമത്തിനും കുറ്റവാളികളെ ഒരുക്കുന്നതു മദ്യവും മയക്കുമരുന്നുമാണ്. ഇനിയുള്ള നാളുകളിൽ ഇതു കേരളത്തിന്റെ കുടുംബ-സാമൂഹിക പ്രശ്നമായി മാറുമെന്നുള്ളതിനു സംശയമില്ല.
സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന പുത്തൻ സംസ്കാരങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൽ വിള്ളൽ വീഴ്ത്തുകയാണ്. സ്വാതന്ത്ര്യത്തിന്റെ മറവിൽ അവ ഇറക്കുമതി ചെയ്യുന്ന അരാജകത്വം കുടുംബങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നും ആനന്ദത്തിൽനിന്നും ആളുകളെ വ്യാമോഹിപ്പിച്ച് ഇറക്കിക്കൊണ്ടുപോകുകയാണ്. രാഷ്ട്രീയക്കാരും ഗുണ്ടാസംഘങ്ങളും മാനസിക വൈകൃതമുള്ളവരുമൊക്കെ ചെയ്തിരുന്ന അക്രമങ്ങളും കൊലപാതകങ്ങളും മുന്പെങ്ങുമില്ലാത്തവിധം വീടുകളിലേക്കെത്തിയിട്ടുണ്ട്. കൊലപാതകങ്ങൾ മാത്രമല്ല, അതിനോടടുത്തുള്ള അക്രമങ്ങളും വർധിക്കുകയാണ്. എന്തക്രമത്തിനും മടിയില്ലാത്തവരാണ് ലഹരിക്കടിമകളായവർ. കുടുംബാംഗങ്ങളായതിനാൽ പലരും പരാതിപ്പെടാറില്ല. വിദ്യാർഥികൾ എന്തു ചെയ്താലും അധ്യാപകർ ഇടപെടാത്തത് ഭയന്നിട്ടുകൂടിയാണ്.
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിന് കൊലപാതകങ്ങളും അക്രമങ്ങളും തടയാനായെന്നു വരില്ല. സാമൂഹിക പ്രവർത്തകരും മതസംഘടനകളും മാധ്യമങ്ങളുമൊക്കെ പുത്തൻ ഭീഷണികളെ നേരിടാനുള്ള മാർഗങ്ങൾ ആരായേണ്ടതുണ്ട്. അല്ലെങ്കിൽ, പാലുകൊടുത്തുവളർത്തിയവരെ പോലും കാലപുരിക്കയയ്ക്കുന്ന ജന്മങ്ങൾ നാടാകെ പെരുകും.
മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഒട്ടും പ്രയാസമില്ലാത്ത കാര്യമായതുകൊണ്ടല്ല, ആയിരക്കണക്കിനു വീടുകളിൽ അവർക്കു കുറവൊന്നുമില്ലാതെ മക്കൾ നോക്കുന്നത്. അവരുടെ വിയർപ്പിന്റെ വിലയാണു തന്റെ തണ്ടും തടിയുമെന്നു തിരിച്ചറിയുന്നതുകൊണ്ടും രോഗത്തിന്റെയും പ്രായത്തിന്റെയും വേദനയുടെയും കാലത്ത് അക്ഷമയും രോഷവുമൊക്കെ പതിവുള്ളതാണെന്ന സാമാന്യബോധമുള്ളതുകൊണ്ടുമാണ്. അത്തരം ബോധമില്ലാത്തവർ മദ്യവും മയക്കുമരുന്നുംകൂടി ഉപയോഗിച്ചാലുള്ള ഭീഷണിയാണ് മരണവാറണ്ടുമായി പടിവാതിൽക്കലെത്തിയിരിക്കുന്നത്. തടയാൻ വൈകിയാൽ ക്ഷണിക്കാതെതന്നെ അത് അകത്തുകയറും.