രക്ഷകരെ ചേർത്തുനിർത്താം
ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലീസില്‍നിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ദേശം കേരള സര്‍ക്കാരും നല്‍കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും രക്ഷകർ കേസിൽ കുടുങ്ങുന്ന സാഹചര്യമുണ്ടെന്നതാണു യാഥാർഥ്യം.
റോ ഡപകടങ്ങളില് പരിക്കേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമറായന്മാരെ നിയമക്കുരുക്കുകളിൽനിന്ന് ഒഴിവാക്കി ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന രക്ഷകരെ കേസില്‍ പ്രതിയാക്കിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആളുകള്‍ രണ്ടുവട്ടം ആലോചിക്കുമെന്നും പരിക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ബൈക്കപകടത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ചതിനെതിരേ മരിച്ചയാളുടെ അമ്മയും ഭാര്യയും നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ബൈക്ക് എതിരേ വന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇന്‍ഷ്വറന്‍സ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തന്റെ ഓട്ടോയിലിടിച്ചല്ല അപകടമുണ്ടായതെന്നും പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച തന്നെ പോലീസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ഓട്ടോഡ്രൈവർ വ്യക്തമാക്കി. കേസിലെ മറ്റു വസ്തുതകള്‍കൂടി കണക്കിലെടുത്ത എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചു. ഇതിനെതിരേയാണ് മരിച്ചയാളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.
അപകടത്തില്‍ ഓട്ടോഡ്രൈവറെ പോലീസ് പ്രതിചേര്‍ത്തെങ്കിലും പിന്നീട് ഇദ്ദേഹം നല്കിയ പരാതിയില്‍ തുടരന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, ശാസ്ത്രീയ പരിശോധനയില്‍ ബൈക്ക് ഓട്ടോയിലിടിച്ച് അപകടമുണ്ടായിട്ടില്ലെന്നും വ്യക്തമായി. ബൈക്ക് നിയന്ത്രണംവിട്ടു തെന്നി വീണാണ് അപകടമുണ്ടായതെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നിഷേധിച്ച ട്രൈബ്യൂണല്‍ ഉത്തരവില്‍ അപാകതയില്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അപകടത്തില്‍ സഹായിക്കുന്നവരെ പ്രതിയാക്കിയാല്‍ വിവേകമുള്ളവര്‍ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ രണ്ടാമതൊന്നുകൂടി ആലോചിക്കുമെന്ന് കോടതി പറഞ്ഞത്.
പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ദൃക്സാക്ഷികള്‍ വിമുഖത കാട്ടുന്നത് അപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ സാക്ഷി പറയേണ്ടിവരുമെന്ന ഭയം മൂലമാണ്. ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന് തയാറാകുന്നവര്‍ക്ക് ആശുപത്രി അധികാരികളില്‍നിന്നോ പോലീസില്‍നിന്നോ മറ്റേതൊരു അധികാരസ്ഥാപനങ്ങളില്നിന്നോ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ പാടില്ലെന്നും അയാള്‍ക്ക് അപകടവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള സിവില്‍, ക്രിമിനല്‍ ബാധ്യതകളുമില്ലെന്നും വ്യക്തമാക്കി 2015ല്‍ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കാര്യത്തോടടുക്കുന്പോൾ കേസും നൂലാമാലകളും പിന്തുടരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന സുമനസുകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ 2016ല്‍ സുപ്രീംകോടതിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരവും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് യാതൊരുവിധമായ നിയമനടപടികളും നേരിടേണ്ടിവരില്ല. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലീസില്‍നിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ദേശം കേരള സര്‍ക്കാരും നല്‍കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും രക്ഷകർ കേസിൽ കുടുങ്ങുന്ന സാഹചര്യമുണ്ടെന്നതാണു യാഥാർഥ്യം.
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും പല കാരണങ്ങളാല്‍ ശരിയായ ചികിത്സ ലഭിക്കാത്തതിനാലും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി ചെയ്യേണ്ടത് ഹൈക്കോടതി പറഞ്ഞതുപോലെ രക്ഷകരെ ചേർത്തുനിർത്തുകയും ജീവകാരുണ്യവഴിയിൽ പ്രോത്സാഹനം നൽകുകയുമാണ്.
ഇക്കാര്യത്തിൽ തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാരിന്റെയും പുതുച്ചേരി സർക്കാരിന്റെയും മാതൃക നമുക്കുമുന്നിലുണ്ട്. റോഡപകടങ്ങളിൽപ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പുരസ്കാരവും സർട്ടിഫിക്കറ്റും ഏർപ്പെടുത്തിയിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും തമിഴ്നാട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെടുന്നവരെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് 2021ൽ കേന്ദ്ര ഗതാഗത മന്ത്രാലയവും ഗുഡ് സമരിറ്റൻ അവാർഡ് എന്നപേരിൽ 5000 രൂപയുടെ പുരസ്കാരം ഏർപ്പെടുത്തിയിരുന്നു. ഒരു പരിധിവരെ നല്ല സമറായന്മാരെ സൃഷ്ടിക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കുന്നുണ്ട്. നിയമം കർക്കശമാക്കുന്നതിനൊപ്പം ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവർക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം നടപടികൾമൂലം നമ്മുടെ നിരത്തുകളിലെ മരണം ഒഴിവാക്കാനാകുമെന്നതിൽ സംശയമില്ല.