താപ്പാനകളെ തളച്ച് ആനവണ്ടിയെ രക്ഷിക്കണം
കെഎസ്ആർടിസിയുടെ തലപ്പത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് സിഎംഡി ബിജു പ്രഭാകറും ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യം ഒരിക്കൽകൂടി ഉയരുകയാണ്.
കേരളത്തിന്റെ എക്കാലത്തെയും രണ്ടു പ്രതിസന്ധികളാണ് കെഎസ്ആർടിസിയും കെഎസ്ഇബിയും. വൈദ്യുതിനിരക്ക് തോന്നുംപടി കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ കെഎസ്ഇബി മുന്നോട്ടു പോകുന്നുണ്ട്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം എത്ര നഷ്ടം വന്നാലും, അതത്രയും ഉപഭോക്താവിന്റെ തലയിലേക്കു വച്ചുകൊടുക്കാനാകുമെങ്കിൽ ഒരു സർക്കാർ സ്ഥാപനവും നഷ്ടത്തിലാകില്ല. പക്ഷേ, കെഎസ്ഇബിയെപ്പോലെ കെഎസ്ആർടിസിക്ക് അതു സാധ്യമല്ല.
കാരണം, സ്വകാര്യ ബസുകൾ നിരത്തിലുള്ളതുകൊണ്ട് അവർ ഈടാക്കുന്ന യാത്രാക്കൂലി മാത്രമേ കെഎസ്ആർടിസിക്കും ഈടാക്കാനാകൂ. കേരളത്തിന്റെ സ്ഥിരം നഷ്ടോത്പാദന കേന്ദ്രമായ ഈ സ്ഥാപനത്തിന്റെ കടിഞ്ഞാൺ പ്രഫഷണലുകളുടെയല്ല, രാഷ്ട്രീയം തൊഴിലാക്കിയവരുടെ കൈകളിലാണെന്നതും ചേർത്തുവായിക്കണം. കെഎസ്ആർടിസിയുടെ തലപ്പത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് സിഎംഡി ബിജു പ്രഭാകറും ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യം ഒരിക്കൽകൂടി ഉയരുകയാണ്.
രക്ഷിക്കാനെത്തുന്നവരെല്ലാം പരാജയപ്പെട്ടോടുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി ആനവണ്ടിയുടെ കാര്യത്തിലുള്ളത്. കെഎസ്ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണമെന്നും ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും പറഞ്ഞ സിഎംഡി, തന്നെ ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ജോലി ചെയ്യുന്നവർക്ക് ശന്പളം കൊടുക്കാനാവാത്തതാണ് കെഎസ്ആർടിസി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള പ്രധാന കാരണം. അതിന്റെ കാരണമാകട്ടെ നഷ്ടങ്ങളിൽനിന്നു നഷ്ടങ്ങളിലേക്കുള്ള കൂപ്പുകുത്തലും. വാഗ്ദാനം ചെയ്ത സാന്പത്തിക സഹായംപോലും നൽകാത്ത സർക്കാരിനും ശന്പളം കിട്ടാത്തതിനാൽ അസംതൃപ്തരായ ജീവനക്കാർക്കും അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വിലങ്ങുതടിയാകുന്ന യൂണിയനുകൾക്കും കോടതിയിലെ നിയമനടപടികൾക്കുമിടയിൽ നിസഹായാവസ്ഥയിലാണ് സിഎംഡി ബിജു പ്രഭാകർ എന്നുവേണം കരുതാൻ.
200 കോടി രൂപ ശരാശരി മാസവരുമാനമുള്ള കെഎസ്ആർടിസിയുടെ ചെലവ് ഏകദേശം 260 കോടി രൂപയാണ്. വായ്പാ തിരിച്ചടവിനുള്ള 30 കോടിയുൾപ്പെടെ 50 കോടി രൂപ പ്രതിമാസം നൽകുമെന്നു പറഞ്ഞെങ്കിലും 30 കോടി മാത്രമാണ് സർക്കാർ നൽകുന്നത്. സാന്പത്തിക പ്രതിസന്ധിയുടെ കരകാണാക്കടലിൽ കൈകാലിട്ടടിക്കുന്ന സർക്കാരിന് കെഎസ്ആർടിസിയുടെ കാര്യത്തിൽ മാത്രമല്ല, കർഷകരിൽനിന്നു സംഭരിച്ച കാർഷികോത്പന്നങ്ങളുടെ വില നൽകുന്നത് ഉൾപ്പെടെ അടിയന്തര കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയാണ്. ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ സിഎംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ഒരു ചുവടുപോലും മുന്നോട്ടു വയ്ക്കാനാവാത്ത അവസ്ഥയിലാണ് സ്ഥാപനമെന്നാണ് ബിജു പ്രഭാകറിന്റെ വാക്കുകളിൽനിന്നു മനസിലാക്കേണ്ടത്.
പരന്പരാഗത ചിന്താഗതിയിൽനിന്നു കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരും മാറിച്ചിന്തിക്കേണ്ടതുണ്ട്. നിലവിലുള്ള ബസുകൾ ഉപയോഗിച്ച് ടൂറിസം മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ പലതും വിജയകരമാണ്. അതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞുള്ള പുതിയ പദ്ധതികളിലേക്കു നീങ്ങാൻ ഒട്ടും വൈകരുത്. കോവിഡ് കാലത്തോടെ പൊതുഗതാഗതം ഉപേക്ഷിച്ച് ടൂ വീലറുകളിലേക്കും കാറുകളിലേക്കുമൊക്കെ യാത്ര മാറ്റിയവർ ആ സൗകര്യങ്ങളുപേക്ഷിച്ച് ഇനിയൊരിക്കലും തിരിച്ചുവരില്ല. എന്നിട്ടും, കൂടുതൽ വാഹനങ്ങൾ വാങ്ങാനാണ് കെഎസ്ആർടിസിയുടെ നീക്കം. ടൂറിസ്റ്റുകളല്ലാത്ത കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചുള്ള ഏതൊരു നീക്കവും പാളിപ്പോകാനിടയുണ്ട്. അതുപോലെ, രണ്ടോ മൂന്നോ ജീവനക്കാരെ മാത്രം വച്ച് വിജയകരമായി സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽനിന്നും പഠിക്കാനുണ്ട്.
കംപ്യൂട്ടർവത്കരണം പുരോഗമിച്ചിട്ടും ഓഫീസുകളിൽ ആവശ്യത്തിലേറെ ആളുകൾ യൂണിയന്റെ ബലത്തിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടെങ്കിൽ പുനർവിന്യസിക്കാൻ വൈകരുത്. ജീവനക്കാർക്കു ശന്പളം കൊടുക്കുന്നതിൽ വീഴ്ചയുണ്ടാകരുത്. അതേസമയം, തൊഴിലാളി യൂണിയനുകളുടെയും നേതാക്കളുടെയും സങ്കുചിത താത്പര്യങ്ങളെ പിന്തുണച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത്, സംസ്ഥാനത്തെ നശിപ്പിക്കുകയാണെന്ന് ഭരണ-പ്രതിപക്ഷ രാഷ്്ട്രീയ പാർട്ടികളും തിരിച്ചറിയണം.
കെഎസ്ആർടിസിക്ക് ജനം നൽകുന്നതു വണ്ടിക്കൂലി മാത്രമല്ല മാസാമാസം സാന്പത്തികസഹായത്തിന്റെ പേരിൽ നികുതിപ്പണംകൂടിയാണ്. എത്ര കാലം ഇങ്ങനെ ഇത്തിൾകണ്ണിയായി തുടരാനാകും? സാന്പത്തിക സഹായം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ അതിനർഥം ജനങ്ങളുടെ ബാധ്യത കൂടുമെന്നു മാത്രമാണ്. സർക്കാർ വിചാരിച്ചാൽ ബിജു പ്രഭാകറിനു പകരം പുതിയ സിഎംഡിയെ നിയമിക്കാനാകും. പക്ഷേ, കെഎസ്ആർടിസിയെന്ന ബാധ്യത ജനങ്ങളുടെ മുതുകിൽനിന്നു മാറില്ലല്ലോ. താപ്പാനകളെ തളച്ചിട്ടാണെങ്കിലും ആനവണ്ടിയെ രക്ഷിച്ചേ തീരു.