രാജ്യത്തെ നാണംകെടുത്തുന്ന സൈബർ ആക്രമണം
മറുപടിയില്ലെങ്കിൽ ചോദ്യങ്ങളെയും ചോദ്യകർത്താവിനെയും ആക്രമിക്കുകയല്ല വേണ്ടത്. രാജ്യത്ത് ഒരിക്കൽപോലും പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ആരാധകരുടെ വ്യഗ്രത ലോകത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായി മാറരുത്.
ജനസംഖ്യ കൂടുതലായതിനാൽ നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാകുന്നത് വെറും സാങ്കേതികത്വമാണ്. മറിച്ച്, ജനാധിപത്യമൂല്യങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് നമ്മെ ആ സ്ഥാനത്ത് എത്തിക്കേണ്ടത്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയ്ക്ക് ഏൽക്കേണ്ടിവന്ന സൈബർ ആക്രമണം നമ്മുടെ വലിപ്പത്തെയല്ല അൽപത്തത്തെയാണ് പ്രകാശിപ്പിച്ചത്. അതു ലോകമറിയുകയും അമേരിക്ക, പത്രപ്രവർത്തകയെ പിന്തുണച്ച് പ്രസ്താവനയിറക്കുകയും ചെയ്തു. അതിലൂടെ ഇന്ത്യക്കുണ്ടായ അപമാനത്തിന്റെ ആഴം സൈബർ അക്രമികൾക്കു മനസിലാകാനിടയില്ല. പക്ഷേ, മഹാഭൂരിപക്ഷം വരുന്ന മറ്റു പൗരന്മാരുടെ കാര്യം അങ്ങനെയല്ലല്ലോ.
വൈറ്റ് ഹൗസ് റിപ്പോർട്ടർ എന്നറിയപ്പെടുന്ന പ്രശസ്ത പത്രപ്രവർത്തകയാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ സീനിയർ റിപ്പോർട്ടർ സബ്രീന സിദ്ദിഖി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വൈറ്റ്ഹൗസിൽനിന്നുള്ള വാർത്തകളും ഉൾപ്പെടെ അമേരിക്കൻ രാഷ്ട്രീയകാര്യ റിപ്പോർട്ടിംഗിൽ മികവ് തെളിയിച്ച വ്യക്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ 22ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സബ്രീന മോദിയോടു ചോദ്യം ചോദിച്ചത്: “ഇന്ത്യക്ക്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഭിമാനകരമായ പാരന്പര്യമുണ്ട്.
പക്ഷേ, മത ന്യൂനപക്ഷങ്ങൾക്കു വിവേചനം അനുഭവിക്കേണ്ടി വരുന്നെന്നും വിമർശകരെ നിശബ്ദരാക്കുന്നെന്നും നിരവധി മനുഷ്യാവകാശ സംഘടനകൾ പറയുന്നുണ്ട്. മുസ്ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എന്തു നടപടികളെടുക്കാനാണ് താങ്കളും സർക്കാരും ആഗ്രഹിക്കുന്നത്?’’ ഈ ചോദ്യം പക്ഷേ, ഇന്ത്യയിലെ ഭരണാനുകൂലികളും മോദിഭക്തരുമായവർക്ക് സഹിക്കാനായില്ല. തുടർന്ന് തെരുവുനായ ആക്രമണത്തെ ഓർമിപ്പിക്കുംവിധം സോഷ്യൽ മീഡിയയിൽ സബ്രീനയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ മകളെന്നുൾപ്പെടെയുള്ള പരാമർശങ്ങളും അസഭ്യവും അശ്ലീലവുമൊക്കെ വാരിക്കോരി ചൊരിഞ്ഞു.
പക്ഷേ, ഇന്ത്യയിലെ സ്ഥിതിയല്ലല്ലോ അമേരിക്കയിൽ. അവർ പത്രപ്രവർത്തകയുടെ പക്ഷത്തായിരുന്നു. “സൈബർ ആക്രമണ റിപ്പോർട്ടുകൾ ഞങ്ങളറിഞ്ഞു. അത് അസ്വീകാര്യമാണ്. ഏതു സാഹചര്യത്തിലും എവിടെയായാലും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങൾ പൂർണമായും അപലപിക്കുന്നു.’’ യുഎസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ-ഓർഡിനേറ്റർ ജോൺ കിർബി പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞത്, തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന യാതൊരു നീക്കത്തെയും അംഗീകരിക്കാനാവില്ലെന്നാണ്.
സബ്രീനയുടെ ചോദ്യത്തിനു മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎയിൽ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലുണ്ട്, അതിലാണു നാം ജീവിക്കുന്നത്. അതു നമ്മുടെ ഭരണഘടനകളിൽ എഴുതിച്ചേർത്തിട്ടുള്ളതുമാണ്. അതുകൊണ്ട്, ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയുമൊന്നും പേരിൽ വിവേചനമെന്ന പ്രശ്നമില്ല.’’ പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞതാണോ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ യഥാർഥ അവസ്ഥയെന്ന ചോദ്യം അവിടെ നിൽക്കട്ടെ. പക്ഷേ, ഇത്തരമൊരു ചോദ്യം ചോദിക്കാനാവില്ലെന്നു പറഞ്ഞാൽ അതിനർഥം പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞതല്ല ഇന്ത്യയിലെ സ്ഥിതി എന്നല്ലേ? ലോകം ഇതൊക്കെ കാണുകയാണ്. വ്യാപാരബന്ധങ്ങളും കരാറുകളും സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ മനുഷ്യാവകാശങ്ങൾക്കു നേരേ ലോകനേതാക്കൾ കണ്ണടച്ചെന്നു വരാം. പക്ഷേ, ആ രാജ്യങ്ങളുടെ പൊതുബോധം നേതാക്കൾക്കൊപ്പമായിരിക്കില്ല. ആ മറുവശം അമേരിക്കൻ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പുകുത്തിയതും മോദിയെ വിമർശിച്ച ബിബിസി ഓഫീസുകൾ റെയ്ഡ് ചെയ്തതും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം ഇല്ലാതാക്കിയതും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതുമൊക്കെ അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നാണ് ലോസാഞ്ചലസ് ടൈംസ് ചൂണ്ടിക്കാട്ടിയത്. “സ്വേച്ഛാധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിൽ സ്വേച്ഛാധിപത്യ ഇന്ത്യ ഒരിക്കലും ഒരു നല്ല സുഹൃത്തായിരിക്കില്ല. സുസ്ഥിരമായ സഖ്യത്തിന് സത്യസന്ധമായ മൂല്യങ്ങൾ ആവശ്യമാണ്.’’ ലോസാഞ്ചലസിന്റെ തുറന്നെഴുത്ത് അമേരിക്കൻ പ്രസിഡന്റിനു കൊടുത്ത മുന്നറിയിപ്പുകൂടി ആയിട്ടുണ്ട്.
ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന ഏറ്റവും മൂർച്ചയേറിയ ആയുധമായ അസഹിഷ്ണുതയെ കൈയിലെടുത്തിരിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആരായാലും അവരതു താഴത്തു വയ്ക്കണം. മറുപടിയില്ലെങ്കിൽ ചോദ്യങ്ങളെയും ചോദ്യകർത്താവിനെയും ആക്രമിക്കുകയല്ല വേണ്ടത്. രാജ്യത്ത് ഒരിക്കൽപോലും പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ആരാധകരുടെ വ്യഗ്രത ലോകത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായി മാറരുത്.