മികച്ച ഉള്ളടക്കങ്ങളും വരുമാനവുമുള്ള നിരവധി യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും അതിനൊക്കെ വലിയ അധ്വാനവും കഴിവും ആവശ്യമാണ്. അതേസമയം, വിവാദങ്ങൾ ഉണ്ടാക്കുന്നതും അശ്ലീലം വിളന്പുന്നതുമായ ഉള്ളടക്കങ്ങൾ തയാറാക്കാൻ എളുപ്പമാണ്.
ഇന്റർനെറ്റിന്റെ വരവോടെ ഒത്തിരിയങ്ങു മാറിയ സൈബർ ലോകത്തെ അധോലോകത്തേക്കു വലിച്ചുകൊണ്ടുപോകുകയാണോ ചിലരെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പക്വതയെത്തിയിട്ടില്ലാത്ത കൗമാരക്കാരെ ലക്ഷ്യമിട്ടാണ് ചിലർ യുട്യൂബിലുൾപ്പെടെ അഴിഞ്ഞാടുന്നത്. നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങൾക്കു വിരുദ്ധവും കുറ്റവുമാണ് പ്രകടനങ്ങളെങ്കിൽ അവരെ കുറ്റവാളികളായി കാണേണ്ടിവരും. ഇത്തരം കുറ്റവാളികളെ നിയന്ത്രിക്കാൻ നിയമമുണ്ടെങ്കിലും പലപ്പോഴും അതൊന്നും പ്രായോഗികമാകാറില്ല. തങ്ങൾക്കെതിരേ വിമർശനമുന്നയിക്കുന്നവരെ വരച്ചവരയിൽ നിർത്താൻ വടിയുമായി നടക്കുന്ന സർക്കാരും പലപ്പോഴും സോഷ്യൽ മീഡിയയിലെ അശ്ലീല വ്യാപാരികളെ കാണാറില്ല.
യാതൊരുവിധ നിലവാരവുമില്ലെങ്കിലും അശ്ലീല പദപ്രയോഗങ്ങളിലൂടെ കൗമാരക്കാരെ ആകർഷിക്കുന്ന യുട്യൂബര്, തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരേയാണ് പോലീസ് കേസ്. പക്ഷേ, യുട്യൂബിൽ നിരന്തരം അശ്ലീലച്ചുവയുള്ള വീഡിയോകൾ ഇടുന്നതിന്റെ പേരിലല്ല കേസ്. വളാഞ്ചേരിയിലെ വസ്ത്ര വ്യാപാരശാല ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗതം തടസപ്പെടുത്തി, പൊതുവേദിയില് അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഏഴു ലക്ഷത്തോളം വരിക്കാരാണ് കണ്ണൂർ സ്വദേശിയായ ഇയാളുടെ യുട്യൂബ് ചാനലിനുള്ളത്. ആരാധകർ ഏറിയതോടെ കട ഉദ്ഘാടനത്തിന് തെറിപ്പാട്ടു പാടാനും ഇയാൾ മടിച്ചില്ലെന്നാണ് പരാതി. സ്കൂൾ കുട്ടികളാണ് തൊപ്പിക്കാരന്റെ ആരാധകരിലേറെയും. ഇത്തരം യുട്യൂബർമാർ സമൂഹത്തെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയാണ് കുട്ടികൾ. തങ്ങൾക്കിഷ്ടപ്പെട്ട ആൾ വീഡിയോകളിൽ അസഭ്യവാക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നതു കാണുന്ന കുട്ടികൾക്ക് അതൊരു ഗൗരവമല്ലാത്ത കാര്യമായി തോന്നും. സ്ത്രീകൾക്കേതിരേയുള്ള പരാമർശങ്ങളും അശ്ലീലച്ചുവയോടെയുള്ള പദപ്രയോഗങ്ങളും നിരന്തരം കേൾക്കുന്നതോടെ അതൊക്കെ പറയുന്നതിലും അസ്വാഭാവികതയൊന്നുമില്ലെന്നു കാഴ്ചക്കാരും ധരിക്കും. അതാണ് അപകടം.
എന്തായാലും, ഇയാൾക്കെതിരേ യുട്യൂബ് വീഡിയോകളിലെ സഭ്യമല്ലാത്ത പ്രകടനങ്ങളുടെ പേരിൽ കേസെടുക്കുമോയെന്നറിയില്ല. മാത്രമല്ല, അതിന്റെ പേരിൽ ഇയാൾക്കെതിരേ കേസെടുത്താൽ അതിലും ആഭാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. ശരീരപ്രദർശനംകൊണ്ടും അശ്ലീലസൂചകമായ പദപ്രയോഗങ്ങൾകൊണ്ടും മാസംതോറും ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടാക്കുന്ന യുവതികളുമുണ്ട്. വരുമാനം പ്രതീക്ഷിച്ചതിലും കൂടിയതോടെ അത്തരമൊരു യുവതി സഹോദരിയെയും അച്ഛനെയും വരെ കാമറയ്ക്കു മുന്നിലെത്തിച്ച് അക്കൗണ്ടിലേക്കു കൂടുതൽ പണമെത്തിക്കാനുള്ള ശ്രമത്തിലാണ്. മറ്റു ചില യുട്യൂബ് ചാനലുകളാകട്ടെ അശ്ലീലം മാത്രം കൈമുതലാക്കിയാണ് മുന്നേറ്റം. അശ്ലീല ഫോൺ സംഭാഷണങ്ങളെന്ന പേരിലും യുട്യൂബിൽ സ്ത്രീകൾ ഉൾപ്പെടെ രാപ്പകൽ പുത്തൻ വീഡിയോകളുമായി എത്തുന്നുണ്ട്. ആപ്പുകൾ ഉപയോഗിച്ച് സ്ത്രീശബ്ദമുണ്ടാക്കുന്ന പുരുഷന്മാരാണ് പലതിനും പിന്നിലെന്നു കേൾവിക്കാർ അറിയുന്നില്ല.
മികച്ച ഉള്ളടക്കങ്ങളും വരുമാനവുമുള്ള നിരവധി യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും അതിനൊക്കെ വലിയ അധ്വാനവും കഴിവും ആവശ്യമാണ്. അതേസമയം, വിവാദങ്ങൾ ഉണ്ടാക്കുന്നതും അശ്ലീലം വിളന്പുന്നതുമായ ഉള്ളടക്കങ്ങൾ തയാറാക്കാൻ എളുപ്പമാണ്. വരിക്കാരും വരുമാനവും അതിവേഗം ലഭിക്കുകയും ചെയ്യും. വാർത്താചാനലുകളെന്ന പേരിൽ ചില ഓൺലൈൻ മാധ്യമങ്ങളും ഈ വഴിയേ പണമുണ്ടാക്കുന്നവരാണ്. ആർക്കെങ്കിലുമൊക്കെ എതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുക, അതേക്കുറിച്ചുള്ള വിവാദങ്ങൾ വീണ്ടും ഓൺലൈനിൽ പ്രസിദ്ധീകരിക്കുക എന്നിങ്ങനെയാണ് തന്ത്രങ്ങൾ. തിരക്കുള്ളതുകൊണ്ടും കോടതി വ്യവഹാരങ്ങൾക്കു താത്പര്യമില്ലാത്തതുകൊണ്ടും പലരും കേസിനൊന്നും പോകില്ല. അതുതന്നെയാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടത്തിനു വളമാകുന്നത്.
ഓൺലൈനിലെ അശ്ലീലക്കാർക്കെതിരേ നടപടിയെടുക്കുന്നത് ഐടി നിയമത്തിലെ 67, 67 എ, 67 ബി എന്നീ വകുപ്പുകൾ അനുസരിച്ചാണ്. 2020ലാണ് ഇതിൽ ശ്രദ്ധേയമായ ഒരു കേസ് ഉണ്ടാകുന്നത്. അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി. നായർ എന്നയാളെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീ ലക്ഷ്മി എന്നിവർ അയാളുടെ മുറിയിലെത്തി കൈകാര്യം ചെയ്തതു വാർത്തയായിരുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് തങ്ങൾ നേരിട്ടു പ്രതികരിച്ചതെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് ഇയാളുടെ വീഡിയോകൾ യുട്യൂബ് നീക്കം ചെയ്തു. പരാതി കൊടുത്താൽ അകത്താകാനിടയുള്ള പല യുട്യൂബർമാരും ഇപ്പോൾ താരങ്ങളായി വിലസുന്നുണ്ട്. തങ്ങളെ വിമർശിക്കുന്നവരെ മാത്രം അന്വേഷിച്ചുനടക്കുന്ന സർക്കാരിന്റെ കണ്ണിൽ അശ്ലീലത്തിന്റെയും സംസ്കാരരാഹിത്യത്തിന്റെയും തൊപ്പിവച്ചവർ പെടുകയുമില്ല. സൈബർ ഇടങ്ങളിലെ സാമൂഹിക വിരുദ്ധർ പൊതുസമൂഹത്തിലേക്കുള്ള സാമൂഹികവിരുദ്ധരെയാണ് സൃഷ്ടിക്കുന്നതെന്നു തിരിച്ചറിയാൻ സമയമായിട്ടുണ്ട്.