മലിനജലാശയങ്ങൾക്ക് പോളകൊണ്ടു പുഷ്പചക്രം
മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തൊട്ടാകെ ഇത്ര ഗുരുതരമായ
പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കുളവാഴ ഭീഷണി സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയെ
തന്നെ ബാധിക്കുകയാണ്.
കാൽ നൂറ്റാണ്ടു മുന്പുവരെ കേരളത്തിലെ തോടുകളിലും പുഴകളിലുമൊക്കെ കുളിച്ച് ആഹ്ലാദത്തോടെ മടങ്ങുന്ന ഒരു ജനതയുണ്ടായിരുന്നു. പിന്നീട് അവരുടെ എണ്ണം കുറഞ്ഞുവന്നെങ്കിലും ഒരു ദശാബ്ദം മുന്പുവരെ അത് അപൂർവമായിരുന്നില്ല. എന്നാൽ, അത്തരമൊരു കാഴ്ച കേരളത്തിൽനിന്ന് ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നു.
മുങ്ങിക്കുളിക്കാൻ പോയിട്ട്, കൈകൊണ്ട് തൊട്ടാൽ കുളിക്കേണ്ട അവസ്ഥയിലാണ് ജലാശയങ്ങൾ. മനുഷ്യസംസ്കാരത്തിന്റെതന്നെ പിള്ളത്തൊട്ടിലായിരുന്ന നദികളെയും ജലാശയങ്ങളെയും കുപ്പത്തൊട്ടിയാക്കിയതിൽ ഒന്നാമത്തെ പങ്ക് സർക്കാരിനാണെങ്കിലും പൗരന്മാർക്കും കൈ കഴുകാനാവില്ല. സർക്കാരും അതിന്റെ പ്രാദേശിക നടത്തിപ്പുവിഭാഗമെന്നു പറയാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അന്പേ പരാജയപ്പെട്ട മാലിന്യ നിർമാർജനത്തിന്റെ നാൾവഴികൾക്കൊടുവിൽ ജലാശയങ്ങളെല്ലാം വിഷസംഭരണ കേന്ദ്രങ്ങളായി ജീവനറ്റു കിടക്കുന്നു. അതിനു മുകളിലാണ് ഇപ്പോൾ കുളവാഴകൾ പുഷ്പചക്രത്താൽ അന്തിമോപചാരമർപ്പിക്കുന്നത്.
കേരളത്തിന്റെ വിനോദസഞ്ചാരത്തെയും മത്സ്യസന്പത്തിനെയും കൃഷിയെയുമൊക്കെ ബാധിക്കുന്ന പോള അഥവാ കുളവാഴകൾ തീരാശാപമായി മാറിയിരിക്കുകയാണ്. ചപ്പുചവറുകളും പ്ലാസ്റ്റിക്കും നിറഞ്ഞ തോടുകൾക്കു മുകളിലാണ് പോള നിറഞ്ഞിരിക്കുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇതിനു മുകളിൽ കിടക്കുന്ന കാഴ്ചയും നാടിന് അപമാനമായിക്കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെ പോളശല്യമുണ്ടെങ്കിലും കുട്ടനാട്ടിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണെങ്കിലും അതു ഭാഗികമായി. കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരത്തെത്തി വേണം ബോട്ടിൽ കയറാൻ. അവിടെനിന്നുള്ള യാത്രയിലും പോളശല്യം രൂക്ഷമാണ്. രാത്രിയിൽ ആലപ്പുഴയിൽനിന്നുള്ള ബോട്ട് കോട്ടയത്ത് എത്തുന്നില്ലാത്തതിനാൽ അത്യാവശ്യ യാത്രക്കാർ മാത്രമാണ് ബോട്ടിൽ കയറുന്നത്. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുട്ടനാടിന്റെ അതുല്യകാഴ്ച കണ്ടുള്ള യാത്രയ്ക്ക് ആശ്രയിച്ചിരുന്ന സർക്കാർ ബോട്ടുകളിൽ ഇപ്പോൾ തിരക്കില്ലാതായി. കൊടൂരാറും വേന്പനാട്ടുകായലുമെല്ലാം പോളകൊണ്ടു നിറയുകയാണ്. നമുക്ക് വിനോദസഞ്ചാരത്തിനുള്ള മാർഗങ്ങളുണ്ട്. പക്ഷേ, അവ പരിപാലിക്കാൻ സ്ഥായിയായ പദ്ധതികളില്ല.
ഒരുകാലത്ത് കേരളത്തിലെ തോടുകളിലുണ്ടായിരുന്ന ആഫ്രിക്കൻ പായലിന്റെ സ്ഥാനത്താണ് ഇപ്പോൾ കുളവാഴ നിറഞ്ഞിരിക്കുന്നത്. പായലിനെ ഭക്ഷിക്കുന്ന വണ്ടിനെ ഇറക്കി ആഫ്രിക്കൻ പായലിനെ തുരത്താനായി. പക്ഷേ, അത്തരം വിദ്യകളൊന്നും കുളവാഴയെ നശിപ്പിക്കാനാവില്ല. ഇതിനെ നശിപ്പിക്കുന്നതിൽ ലോകം ഇതുവരെ വിജയിച്ചിട്ടില്ല. പക്ഷേ, പല രാജ്യങ്ങളും അതിനെ കൈകാര്യം ചെയ്യാൻ പഠിച്ചു. ജൈവവളമാക്കിയും കത്തിക്കാനുള്ള ഇന്ധനമാക്കിയും ഡിസ്പോസിബിൾ പ്ലെയ്റ്റുകളും ചിത്രം വരയ്ക്കുന്നതിനുള്ള കാൻവാസുകളും പോലെ ഉപകാരപ്രദമായ മറ്റ് ഉത്പന്നങ്ങൾ നിർമിച്ചും കുളവാഴയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ലോകം. കേരളത്തിലും പരീക്ഷണങ്ങൾ നടത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതിനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനായാൽ കുളവാഴ നിർമാർജനത്തിന് വർഷം തോറും ചെലവഴിക്കുന്ന വൻ തുക പഞ്ചായത്തുകൾക്ക് ലാഭിക്കാനാകും. പോള വാരൽ പലർക്കും പണംവാരലിനുള്ള മാർഗമായിട്ടുണ്ടെന്നും ആരോപണമുണ്ട്. വർഷകാലത്ത് തോടുകൾ നിറയുന്പോൾ ഒഴുക്കിനനുസരിച്ചു തള്ളിവിടുകയാണു ചെയ്യുന്നത്. അത് പോളനിർമാർജനമല്ല, മറ്റൊരിടത്തേക്ക് തള്ളിവിടലാണ്.
വിനോദസഞ്ചാരത്തിനു മാത്രമല്ല കുളവാഴയുടെ ആധിക്യം തടസമായിരിക്കുന്നത്. കൃഷിക്കും മത്സ്യ പ്രജനനത്തിനും മത്സ്യബന്ധനത്തിനുമൊക്കെ കടുത്ത ഭീഷണിയായി മാറിക്കഴിഞ്ഞു. കുട്ടനാട്ടിലുൾപ്പെടെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇതു ബാധിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലേക്കു സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ മത്സ്യമുൾപ്പെടെ സകല ജലജീവികൾക്കും ഭീഷണിയാണിത്. മഴക്കാലം ശക്തിപ്പെടുന്ന ജൂൺ-ജൂലൈ മാസങ്ങളാണ് മത്സ്യങ്ങളുടെ പ്രജനനകാലം. പോള മൂടിക്കിടക്കുന്ന ജലാശയങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വിരിയുന്ന മത്സക്കുഞ്ഞുങ്ങളിലേറെയും ചത്തൊടുങ്ങുകയാണ്. ഉൾനാടൻ ജലാശയങ്ങളിൽ സർക്കാർ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളും നശിക്കുന്നതിന്റെ പ്രധാന കാരണം ഇതാണെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മലയോര മേഖലകളിലൊഴിച്ച് സംസ്ഥാനത്തൊട്ടാകെ ഇത്ര ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കുളവാഴഭീഷണി സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുകയാണ്. സർക്കാരിന്റെ അടിയന്തരശ്രദ്ധ ഇതിലുണ്ടാകണം. ജൈവവളമാക്കാനുള്ള പദ്ധതികൾ ഉണ്ടെങ്കിൽത്തന്നെ ഇതിനെ വലിയൊരളവ് നിയന്ത്രിക്കാനാകും. കുടുംബശ്രീകളെയും തൊഴിലുറപ്പു പദ്ധതിയെയും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താനാകും. സംസ്ഥാനതലത്തിൽ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ടു നടപ്പാക്കുകയാണു വേണ്ടത്. അല്ലാത്തപക്ഷം, പോളനിർമാർജനത്തിന് വകയിരുത്തുന്ന കോടികളുടെ ഫണ്ട് വെള്ളത്തിലാകുമെന്നതിൽ സംശയമില്ല. വർഷങ്ങളായി കോടികൾ മുടക്കുന്നതും അതിലേറെയും മുക്കുന്നതും നാളിതുവരെ വിജയിപ്പിക്കാനാകാത്തതുമായ മാലിന്യ നിർമാർജനത്തിന്റെ വഴിയേ പോളയും കേരളത്തെ കൊണ്ടുപോകരുത്.