കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
എങ്ങോട്ടാണ് കേരളം? ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഉത്തരവാദി അവിടത്തെ സർക്കാരാണെങ്കിൽ കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഉത്തരവാദി ഇവിടത്തെ സർക്കാരല്ലേ? അവിടത്തെ ജനങ്ങളേക്കാൾ എന്തു മേന്മയാണ് നമുക്ക് അവകാശപ്പെടാനുള്ളത്?
പോലീസിന്റെയും കോടതിയുടെയും പണി ഭയമേതുമില്ലാതെ ആൾക്കൂട്ടം ഏറ്റെടുക്കുന്നത് രാജ്യത്ത് ഏതാനും വർഷങ്ങളായി വർധിക്കുകയാണ്. അത്തരം കാട്ടുനീതിക്ക് പ്രബുദ്ധ കേരളത്തിൽ ഇടമില്ലെന്നു കരുതി ആശ്വസിച്ചവരൊക്കെ തല കുനിക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. 2018 ഏപ്രിൽ 22നാണ് അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിയും ചവിട്ടിയും കൊന്നത്. കഴിഞ്ഞ ഫെബ്രുവരി 11ന് ഫോൺ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിൽ ആൾക്കൂട്ടം ചോദ്യം ചെയ്തതിന്റെയും മർദിച്ചതിന്റെയും പിന്നാലെ വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥൻ തൂങ്ങിമരിച്ചു. മൂന്നു മാസത്തിനുശേഷം, അതായത് ഇക്കഴിഞ്ഞ 13ന് ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയെന്ന യുവാവിനെ മോഷ്ടാവെന്നു സംശയിച്ച് എട്ടുപേർ ചേർന്ന് തല്ലിക്കൊന്നെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. എങ്ങോട്ടാണ് കേരളം? ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഉത്തരവാദി അവിടത്തെ സർക്കാരാണെങ്കിൽ കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഉത്തരവാദി ഇവിടത്തെ സർക്കാരല്ലേ? അവിടത്തെ ജനങ്ങളെക്കാൾ എന്തു മേന്മയാണ് നമുക്ക് അവകാശപ്പെടാനുള്ളത്?
ശനിയാഴ്ച പുലര്‍ച്ചെ മലപ്പുറം കൊണ്ടോട്ടിയിൽ ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി കൊല്ലപ്പെട്ടത് ആൾക്കൂട്ട കൊലപാതകമാണെന്നാണ് പോലീസ് അറിയിച്ചത്. അസമയത്ത് വീടിനടുത്ത് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ മോഷ്ടാവെന്നാരോപിച്ച് പൈപ്പും വടിയുംകൊണ്ട് ആക്രമിക്കുകയായിരുന്നു, രണ്ടു മണിക്കൂർ സമയം. താൻ മോഷ്ടാവല്ലെന്നു കരഞ്ഞു പറഞ്ഞിട്ടും വിട്ടയയ്ക്കാതെ അപരിചിതനായ ഒരു മനുഷ്യനെ തല്ലിക്കൊന്നതിന് എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. മർദനത്തിനൊടുവിൽ അനക്കമില്ലാതായ യുവാവിനെ പ്രതികൾ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി റോഡരികിൽ ഇടുകയായിരുന്നു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണശ്രമത്തിനിടെ കെട്ടിടത്തിൽനിന്നു വീണതാണെന്നാണ് പ്രതികൾ പോലീസിനോടു പറഞ്ഞത്. പരിക്കുകളുടെ സ്വഭാവം കണ്ടു സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്.
ആൾക്കൂട്ടക്കൊലപാതകങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും ആവർത്തിക്കുകയും വാർത്തയല്ലാതാകുകയും ചെയ്യുന്ന പുതിയ ഇന്ത്യയിൽ കേരളവും അതിന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിലും സദാചാര ഗുണ്ടായിസത്തിലും ജനങ്ങളാണ് നിയമം കൈയിലെടുക്കുന്നതെങ്കിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സർക്കാരാണ് നിയമത്തെ നോക്കുകുത്തിയാക്കുന്നത്. രണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2015 മുതൽ 2018 വരെ രാജ്യത്ത് 88 ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് “ദി ക്വിന്റ്’’ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ആധികാരികമായ റിപ്പോർട്ടുകൾ ലഭ്യമല്ല. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) 2017ൽ ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കണക്കെടുത്തെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്ന് അവർതന്നെ വ്യക്തമാക്കി. വിചിത്രമായ ഈ വാദഗതിയെ തുടർന്ന് ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് എൻസിആർബി അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു!
കൊലപാതകങ്ങൾ മാത്രമല്ല നാം കണക്കിലെടുക്കേണ്ടത്. ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കേൽക്കുകയും അഭിമാനം മുറിപ്പെടുകയും ചെയ്ത നൂറുകണക്കിനാളുകൾ ഈ കേരളത്തിലുമുണ്ട്. അവയൊക്കെ നടത്തുന്നത് പോലീസിന്റെയും കോടതിയുടെയും സ്ഥാനം ആൾക്കൂട്ടം ഏറ്റെടുത്തതുകൊണ്ടാണ്. അങ്ങനെ നിയമം കൈയിലെടുത്തത് കുറ്റവാളികൾക്കു പേടിക്കാനില്ലെന്നു തോന്നിയതുകൊണ്ടാണ്. സദാചാര ഗുണ്ടായിസം മുതൽ ആൾക്കൂട്ട കൊലപാതകങ്ങൾവരെ കേരളത്തിൽ നടക്കുന്നുണ്ടെന്നത് സർക്കാരിനും ജനങ്ങൾക്കും അപമാനകരമാണ്.
പശു സംരക്ഷണത്തിന്റെ പേരിലും വർഗീയ വിദ്വേഷത്തിന്റെ പേരിലുമൊക്കെ ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളിൽ ഉറഞ്ഞുതുള്ളാറുള്ള പലരും ഇപ്പോൾ താരതമ്യങ്ങളൊന്നും നടത്തുന്നില്ല. അതേസമയം, ഉത്തരേന്ത്യയിൽ ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായപ്പോൾ നിശ്ശബ്ദത പാലിച്ച രാഷ്ട്രീയക്കാർ മലപ്പുറത്തെ സംഭവത്തിൽ ധാർമികരോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ടവർ ഏതു മതത്തിൽ പെട്ടവരാണെന്നോ ഏതു സംസ്ഥാനത്തുള്ളവരാണെന്നോ പരിഷ്കൃത മനുഷ്യർ അന്വേഷിക്കാറില്ല. നിസ്സഹായരുടെ മുതുകിലേൽക്കുന്ന ഓരോ അടിയുടെയും വേദന തന്റെ ശരീരത്തിൽ അനുഭവിക്കുന്നവരാണവർ. കേരളത്തിൽ ഇനിയൊരിക്കലും ഇതു സംഭവിക്കരുത്. ഈ നാട്ടിൽ നിയമവാഴ്ചയുണ്ടെന്ന് ഈ ചട്ടന്പികളെ പഠിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.