പരാക്രമം സ്ത്രീകളോടും കുട്ടികളോടും
സ്ത്രീസുരക്ഷ, കുട്ടികളുടെ സംരക്ഷണം എന്നീ രംഗങ്ങളിൽ രാജ്യം പിന്നോക്കം നിൽക്കുന്പോൾ, വികസിതരാജ്യം എന്ന അവസ്ഥയിലേക്കു നമുക്കു ദൂരം ഏറെയാണെന്നു സമ്മതിക്കേണ്ടിവരും. കേരളത്തിന്റെ സ്ഥിതി ഏറെ മെച്ചമല്ല.
സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം സംബന്ധിച്ച കണക്കുകൾ ഒട്ടും തൃപ്തികരമല്ലെന്നു പറഞ്ഞാൽപോരാ, അസ്വാസ്ഥ്യജനകമാണ്. ഉയർന്ന സാക്ഷരതയും മെച്ചപ്പെട്ട സാന്പത്തിക സ്ഥിതിയും ഉയർന്ന സാംസ്കാരിക നിലവാരത്തിനു വഴിയൊരുക്കുമെന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നുവെന്നു തോന്നുന്നു. വീടുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന സാഹചര്യം കേരളത്തിന്റെ പാരന്പര്യത്തിനും സംസ്കാരത്തിനും നിരക്കാത്തതും തികച്ചും ദൗർഭാഗ്യകരവുമാണ്. ചില സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷയും പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തു കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നു. ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 111 കുട്ടികളെയാണു കാണാതായിട്ടുള്ളത്. കഴിഞ്ഞ വർഷം 185 കുട്ടികളെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ വർഷം പകുതിയെത്തിയപ്പോൾത്തന്നെ കാണാതായ കുട്ടികളുടെ സംഖ്യ മൂന്നക്കത്തിലെത്തിയത് ഏറെ ഉത്കണ്ഠ ഉളവാക്കുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നു. ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ചു 2,250 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിൽ മാനഭംഗക്കേസുകൾ മാത്രം ആയിരത്തിലേറെ വരും. പൊതുസ്ഥലങ്ങളിൽ മാത്രമല്ല കുടുംബങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു. ഭർതൃവീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും സ്ത്രീകൾക്കുണ്ടാകുന്ന പീഡനങ്ങൾ സംബന്ധിച്ച കേസുകളും വർധിച്ചിട്ടുണ്ട്. സാംസ്കാരികമായ അധഃപതനത്തിന്റെയും കുടുംബബന്ധങ്ങളിലെ ശൈഥില്യത്തിന്റെയും പരിണതഫലമായി സ്ത്രീപീഡനങ്ങളെയും കുട്ടികളോടുള്ള അതിക്രമങ്ങളെയും കാണാനാവും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഒരു പതിറ്റാണ്ടായി ഇവിടെ ക്രമമായി വർധിച്ചുവരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാവാം കേസുകൾ വർധിക്കുന്നതെന്നൊരു വാദമുണ്ട്. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള കേസുകളുടെ വർധന സാമൂഹ്യ ശാസ്ത്രജ്ഞരും ഭരണാധികാരികളും പഠനവിധേയമാക്കേണ്ടതുണ്ട്; പരിഹാര മാർഗങ്ങൾ കണ്ടെത്തേണ്ടതുമുണ്ട്.
കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങളാണല്ലോ പോക്സോ കേസുകളുടെ വിഷയം. കഴിഞ്ഞ വർഷം 1204 പോക്സോ കേസുകളാണു സംസ്ഥാനത്തു രജിസ്റ്റർ ചെയ്യപ്പെട്ടത്. ലൈംഗികാതിക്രമങ്ങളുടെ പേരിലുള്ള കേസുകൾ ചിലപ്പോഴെങ്കിലും വ്യാജമാകാറുണ്ടെങ്കിലും മിക്ക കേസുകളും യഥാർഥംതന്നെ. വ്യാജകേസുകൾ കൊണ്ടുവരുന്നതു വലിയ കുറ്റമായിത്തന്നെ കാണണം.
കുടുംബപ്രശ്നങ്ങളുടെ പേരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി ജീവനൊടുക്കുന്ന മാതാക്കളുടെ എണ്ണവും കേരളത്തിൽ വർധിക്കുന്നുണ്ട്. നിസാരമോ പരിഹരിക്കാവുന്നതോ ആയ കുടുംബവഴക്കുകളുടെ പേരിലാണു പലരും ഇത്തരം സാഹസത്തിനു മുതിരുന്നത്. ഭർത്താവു മൊബൈലിൽ ചാറ്റ് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങിയ യുവതിയായ മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ മൂവാറ്റുപുഴയാറിൽ കണ്ടെത്തിയതു രണ്ടുമാസം മുന്പാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിലോ സാന്പത്തിക ഇടപാടുകളുടെ പേരിലോ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്ന സംഭവങ്ങളും ചുരുക്കമല്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസം മേലാറ്റൂരിൽ മുഹമ്മദ് ഷഹിം എന്ന ഒന്പതു വയസുകാരനെ കാണാതായ സംഭവം ഉദാഹരണം. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനായി കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവത്രേ.
കാണാതാകുന്ന മുതിർന്നവരിൽ പലരെയും കണ്ടെത്താൻ കഴിയുന്നുണ്ടെന്നാണു പോലീസ് പറയുന്നത്. കാണാതാവുന്നതിൽ കൂടുതലും സ്ത്രീകളാണ്. കഴിഞ്ഞ വർഷം ആദ്യത്തെ അഞ്ചു മാസത്തിനുള്ളിൽ 3416 പേരെ കാണാതായി. ഇതിൽ 3069 പേരെ കണ്ടെത്തി. ചിട്ടയോടും മികവോടും കൂടിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും പേരെ കണ്ടെത്താൻ കഴിഞ്ഞതെന്നു ഡിജിപി പറഞ്ഞു. കാണാതാകുന്ന കുട്ടികളിൽ കുറെപ്പേരെയെങ്കിലും കണ്ടെത്താറുണ്ട്. കാണാതായവരെക്കുറിച്ചു പരാതി ലഭിച്ചാൽ ഉടൻതന്നെ അന്വേഷണം ആരംഭിച്ച് എഫ്ഐആർ തയാറാക്കണമെന്നാണു ഡിജിപിയുടെ കർശന നിർദേശം.
ദേശീയ വനിതാ കമ്മീഷനു 2017ൽ ലഭിച്ച പരാതികൾ പരിശോധിച്ചാൽ, രാജ്യത്തു ദിനംപ്രതി രണ്ടു സ്ത്രീകൾ തൊഴിലിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്നതായി കാണാം. തൊഴിലിടങ്ങളിലെ പീഡനത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പരാതികളെത്തുന്നത് ഉത്തർപ്രദേശിൽനിന്നാണ്. ഡൽഹിയാണു രണ്ടാം സ്ഥാനത്ത്. ഉത്തർപ്രദേശിലെ എസ്എസ് ലോ കോളജിലെ നിയമവിദ്യാർഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോൾ ചൂടുപിടിച്ചിരിക്കുകയാണ്. കോളജിന്റെ ചെയർമാനും ബിജെപിയുടെ മുൻ എംപിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ കേസെടുത്തു.
കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തു സ്ത്രീകൾക്കു സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിനു രണ്ടാം സ്ഥാനമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷയിൽ കേരളം ഒരു ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നാം പിന്നോക്കം പോവുകയാണ്. ദേശീയതലത്തിൽ സ്ഥിതി കൂടുതൽ മോശമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീശക്തീകരണത്തിനും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ "പുതിയ ഇന്ത്യ' എന്നൊരു പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഗോവർധൻ പദ്ധതി പ്രയോജനപ്പെടുത്തി സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകൾ സ്വയം ശക്തരാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. പത്ത് ആൺകുട്ടികൾക്കു സമമാണ് ഒരു പെൺകുട്ടിയെന്നും രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശക്തീകരണം അത്യന്താപേക്ഷിതമാണെന്നും ഒരു "മൻ കി ബാത്തി'ൽ മോദി പറയുകയുണ്ടായി. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തെയും സംരക്ഷണത്തെയുംകുറിച്ച് ആവേശപൂർവം പറയാറുണ്ടെങ്കിലും അത് എത്രമാത്രം നടപ്പാക്കപ്പെടുന്നുണ്ട്?