സ്റ്റാർ ബക്സ് ഉപയോഗിക്കുന്നതിൽ നിയന്ത്രണമില്ലെന്നു കന്പനി
Wednesday, May 23, 2018 12:11 AM IST
ന്യൂയോർക്ക്: അമേരിക്കയിലുടനീളമുള്ള സ്റ്റാർബക്സിലെ പാറ്റിയൊ, ബാത്ത് റൂം സൗകര്യങ്ങൾ ആർക്കും ഏതു സമയത്തും ഉപയോഗിക്കാവുന്നതാണെന്ന് കന്പനി അധികൃതർ ജീവനക്കാർക്ക് അയച്ച സർക്കുലറിൽ പറയുന്നു. സ്റ്റാർബക്ക്സിന്‍റെ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്, ഇവിടെ നിന്നും ഒന്നും വാങ്ങേണ്ടതില്ലെന്നും ഇ മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ഫിലഡൽഫിയായിൽ രണ്ടു ആഫ്രിക്കൻ അമേരിക്കൻ യുവാക്കളോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപം ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നയത്തിനു രൂപം നൽകിയതെന്ന് കന്പനി വക്താവ് അറിയിച്ചു.

സംഭവത്തിൽ കന്പനി മാപ്പ് പറയുകയും മേയ് 29 ന് അമേരിക്കയിലെ 8,000 സ്റ്റോറുകളും അടച്ചിട്ടു ജീവനക്കാർക്ക് പ്രത്യേക ട്രെയിനിംഗ് നൽകുമെന്നും അധികൃതർ പറഞ്ഞു.

ഫിലഡൽഫിയായിൽ നടന്നതു തികച്ചും വേദനാജനകമാണെന്ന് സ്റ്റാർബക്സ് ചെയർമാൻ ഹൊവാർഡ് ഷുൽറ്റ്സ് നേരത്തെ അറിയിച്ചിരുന്നു. കോളജ് വിദ്യാർഥികളും ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങൾക്കും ഒത്തു ചേരലിനും സാധാരണ സ്റ്റാർബക്സിനെയാണ് ആശ്രയിച്ചിരുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ