നൂതന കർമപദ്ധതികളുമായി കാനഡ സീറോ മലബാർ എക്സാർക്കേറ്റ്
Thursday, February 22, 2018 9:41 PM IST
മിസിസൗഗ: രണ്ടര വർഷം പിന്നിടുന്ന കാനഡയിലെ സീറോ മലബാർ എക്സാർക്കേറ്റ് ജനോന്മുഖമായ കർമപദ്ധതികളുമായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ഒരുക്കങ്ങളിലേക്ക്. മാർ ജോസ് കല്ലുവേലിന്‍റെ അധ്യക്ഷതയിൽ ഫെബ്രുവരി 19നു നടന്ന പാസ്റ്ററൽ കൗണ്‍സിൽ യോഗം ഇതുവരെയുള്ള നേട്ടങ്ങൾ വിലയിരുത്തിയതിനൊപ്പം ദൈവജനത്തിന്‍റെ പങ്കാളിത്തത്തോടെ, ഇടവകകളുടേയും അതുവഴി രൂപതയേയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. വിശ്വാസി സമൂഹത്തിൽ നിന്നും കുടുംബ കൂട്ടായ്മകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പാരീഷ് കൗണ്‍സിലിൽ അവതരിപ്പിച്ചതിനുശേഷം ഈ യോഗത്തിൽ ചർച്ചയ്ക്കായി സമർപ്പിച്ചു. കുടുംബം, ഇടവക, എക്സാർക്കേറ്റ് (രൂപത) എന്ന ത്രിമാന തലങ്ങളെ ഒരുപോലെ ശക്തിപ്പെടുത്തുന്ന കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും തീരുമാനമായി. യോഗത്തിൽ പത്ത് ഇടവകകളിൽ നിന്നും 36 പ്രതിനിധികൾ പങ്കെടുത്തു. ബാക്കിയുള്ള ഇടവകകളിലെ പ്രതിനിധികൾ വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ചകളിൽ പങ്കുചേർന്നു.

അപ്പസ്തോല·ാരേയും പ്രവാചകരേയും പോലെ തന്നെ വിശ്വാസ പാരന്പര്യം പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, ലോകമെങ്ങും യേശുവിനെ സാക്ഷ്യപ്പെടുത്താൻ വിളിക്കപ്പെട്ടവരാണ് സീറോ മലബാർ സഭാംഗങ്ങൾ എന്നു മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. സഭയും ക്രിസ്തുവും രണ്ടല്ല, സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭാംഗങ്ങൾ ഈ ശരീരത്തിലെ അവയവങ്ങൾ ആണ്. സഭയാകുന്ന ശരീരത്തിന്‍റെ ശിരസാണ് യേശുക്രിസ്തു. അതിലെ അവയവങ്ങളാണ് ദൈവജനമെന്നിരിക്കെ, ഈ ഭൗതീകശരീരം വളർത്തി, പുഷ്ടിപ്പെടുത്തുകയെന്നത് കൂട്ടുത്തരവാദിത്വമാണ്. സഭയുടെ ആത്യന്തിക ലക്ഷ്യം തന്നെ ദൈവജനത്തിന്‍റെ ആത്മരക്ഷയും ദൈവ മഹത്വുമാണ്. എക്സാർക്കേറ്റിന്‍റെ ആപ്തവാക്യം “ദൈവമഹത്വത്തിൽ നിന്ന്’ എന്നതാണ്. എക്സാർക്കേറ്റിന്‍റെ രൂപീകരണവും ഇപ്പോഴത്തെ നേട്ടങ്ങളുമെല്ലാം ദൈവിക പദ്ധതിയാണ്. ദർശനങ്ങളിൽ ഉൗന്നി, ഉൾക്കാഴ്ചകളിലൂടെ കാലഘട്ടത്തിന്‍റെ സൂചനകൾ വിവേചിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവർത്തിക്കാൻ മാർ കല്ലുവേലിൽ ആഹ്വാനം ചെയ്തു.

അഞ്ചുവർഷം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് പാസ്റ്ററൽ കൗണ്‍സിൽ ചർച്ച ചെയ്തത്. നാലു വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ചർച്ചകളിൽ എക്സാർക്കേറ്റിന്‍റെ പ്രവർത്തനങ്ങൾ സുതാര്യമാക്കി കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുവാനുള്ള നിർദേശങ്ങൾക്കൊപ്പം വിശ്വാസി സമൂഹത്തിന് ഭാവിയിൽ ഉപകാരപ്രദമാകുന്ന വിവിധ കർമപദ്ധതികളും ഉയർന്നുവന്നു. ഇവയുടെ പ്രായോഗികവശങ്ങൾ ചർച്ച ചെയ്തു റിപ്പോർട്ടു സമർപ്പിക്കുന്നതിന് വിവിധ സമിതികളെ ചുമതലപ്പെടുത്തി. ഇപ്പോൾ 12 ഇടവകകളും 32 മിഷൻ സെന്‍ററുകളുമുള്ള എക്സാർക്കേറ്റിൽ മാർ ജോസ് കല്ലുവേലിനൊപ്പം 24 വൈദികരും 12 സന്യസ്തരും 16,000 ത്തോളം ദൈവജനവും ചേർന്നു കൂട്ടായ്മയിൽ അജപാലന രംഗത്ത് മുന്നേറുന്നു.

അപ്പസ്തോലന്മാർ ലോകമെങ്ങും സുവിശേഷം പ്രസംഗിച്ചതിന്‍റെ ജീവിക്കുന്ന തെളിവുകളാണ് സജീവമായി നിൽക്കുന്ന സഭകളെന്ന് ഷിക്കാഗോ രൂപത ഫിനാൻസ് ഓഫീസർ ഫാ. ജോർജ് മാളിയേക്കൽ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. തോമാശ്ശീഹായിൽ നിന്നു കേരള മക്കൾ നേടിയ പൈതൃകം മനസിലാക്കാത്തിടത്തോളം കാലം സംശയകരമായ ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയരും. ദൈവ വചനവും സഭാ പ്രബോധനങ്ങളും അടിസ്ഥാനമാക്കി ഇവയ്ക്ക് മറുപടി നൽകാൻ എല്ലാവർക്കുമാകണം. നമ്മുടെ സഭയ്ക്ക് തനതായ ആധ്യാത്മികതയും ദൈവശാസ്ത്രവും നിയമസംഹിതയും ആരാധാനാക്രമവും പാരന്പര്യവുമുണ്ട്. ഇവ പ്രോത്സാഹിപ്പിക്കാൻ ദൈവജനത്തിന് കടമയുണ്ട്. ഒരുപക്ഷെ നാളിതുവരെ പലവിധ ചോദ്യങ്ങളുമായി മുന്നേറിയവർ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ എന്ന നിലയിൽ ദൈവജനത്തിന്‍റെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുന്നവരായി മാറണമെന്ന് ഫാ. മാളിയേക്കൽ ഉദ്ബോധിപ്പിച്ചു. പുതുതലമുറയെ ധർമച്യുതിയിൽ നിന്നും സംരക്ഷിക്കാൻ അവരെ ദൈവീക വഴികളിൽ വളർത്തണം. ചുറ്റുമുള്ളവരിലും അത് പകരണം. ഇടവകകളും രൂപതകളും ഉപവിയുടെ കേന്ദ്രങ്ങളാകണം. അമേരിക്കയിൽ സീറോ മലബാർ കൂട്ടായ്മകൾ മെക്സിക്കൻ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത്തരം പ്രവർത്തികൾ നടപ്പിലാക്കിവരുന്നു. കാനഡയിലും ഇത്തരം സംരംഭങ്ങൾ ആസൂത്രണം ചെയ്ത് അപ്പസ്തോലിക ദൗത്യം ഏറ്റെടുക്കണമെന്നും ഫാ. മാളിയേക്കൽ കൂട്ടിചേർത്തു.

യോഗത്തിൽ ക്രിയാത്മക ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ പ്രായോഗിക തീരുമാനങ്ങളായ കാലോചിതമായ യുവജനപ്രേക്ഷിതത്വം, മതാധ്യാപക പരിശീലനം, സമയോചിതമായ ആശയവിനിമയത്തിൽ ഉൗന്നിയ കുടുംബം ഇടവക രൂപത തീരുമാനങ്ങളെ ശക്തിപ്പെടുത്തൽ, മരണാനന്തര ശുശ്രൂഷകൾക്ക് സഹായകമായ സെമിത്തേരി സംവിധാനങ്ങൾ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുവാനുള്ള പ്രതിജ്ഞാബദ്ധതയോടെ യോഗം പര്യവസാനിച്ചു.

മോണ്‍. സെബാസ്റ്റ്യൻ അരീക്കാട്ട് സ്വാഗതം ആശംസിച്ചു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. റ്റോബി പുളിക്കാശേരി റിപ്പോർട്ടും ഫിനാൻസ് ഓഫീസർ ഫാ. ജേക്കബ് എടക്കളത്തൂർ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പാസ്റ്ററൽ കൗണ്‍സിൽ ജോയിന്‍റ് സെക്രട്ടറി മാർട്ടിൻ രാജ് മാനാടൻ, ജോർജ് വടക്കൻ, ജോളി ജോസഫ്, ജിജോ ആലപ്പാട്ട്, വിന്നി മറ്റം, നിഷാ മേച്ചേരി, സാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം