ഗണ്‍വൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ ഫൊക്കാനാ നിവേദനം നൽകും
Thursday, February 22, 2018 1:08 AM IST
ഫ്ളോറഡ: അമേരിക്കയിലെ ഗണ്‍വൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ കോണ്‍ഗ്രസ് മാൻമാർക്ക് നിവേദനം നൽകുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും മറ്റും നിരന്തരമായി നടക്കുന്ന വെടിവയ്പുകളുടെ അടിസ്ഥാനത്തിൽ തോക്കുകൾ നിയന്ത്രിക്കുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗത്ത് ഫ്ളോറിഡായിലെ പാർക്ക് ലാന്‍റിൽ മാർജറി സ്റ്റോണ്‍മാൻ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ 17 പേർ മരിക്കുകയും ഒരു ഡസനിലേറെ പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഗണ്‍വൈലൻസ് നിയമങ്ങൾ കുറേക്കൂടി ശക്തമാക്കണം. ഇനിയും ഇങ്ങനെയുള്ള പൈശാചികമായ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നിയമങ്ങൾ ഉണ്ടാക്കുവാൻ അതാതു സ്ഥലങ്ങളിലെ കോണ്‍ഗ്രസ് മാൻ മാരോടും സെനറ്റർമാരോടും ആവശ്യപ്പെടുവാൻ ഫൊക്കാന അംഗസംഘടനകളോടു അഭ്യർഥിച്ചു.

2017 ൽ മാത്രം അമേരിക്കയിൽ 346 വെടിവയ്പു കേസുകൾ റിപ്പോർട്ടു ചെയ്തു. 2018 ലെ ഇതുവരെയുള്ള കണക്ക് അനുസരിച്ചു 30 കേസുകളിലായി 1286 ജീവൻ അപഹരിച്ചു. ഓരോ വർഷവും ശരാശരി 1,14,994 പേർ ഗണ്‍വൈലൻസുമായി ബദ്ധപ്പെട്ടു മരിക്കുന്നുണ്ട് .

അമേരിക്കയിൽ ഗണ്‍ വാങ്ങുന്നതിന് 18 വയസ് തികഞ്ഞ ആർക്കും അപ്ലൈ ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ചു ചെറിയ ഒരു ബാക്ക്ഗ്രൗണ്ട് ചെക്കിനുശേഷം മിഷ്യൻ ഗണ്‍വരെ എതൊരു ക്രിമിനലിന്‍റെ കൈയിലോ അല്ലെങ്കിൽ ഒരു മാനസിക രോഗിയുടെ കൈയിലോ എത്തിപ്പെടാം. ഇതിനെതിരെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ ഒപ്പു ശേഖരണം ആരംഭിച്ചു. അമേരിക്കയിൽ ഉടനീളം, പ്രത്യേകിച്ചും ഫ്ളോറിഡയിൽ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങികഴിഞ്ഞു.

അതാതു സംസ്ഥാനങ്ങളിൽ നിയമപാലകരുമായി ബന്ധപ്പെട്ടും കാന്പയിനുകൾ നടത്തിയും ഈ വിപത്തിനോട് പ്രതികരിക്കാൻ അംഗ സംഘടനകളുടെ സഹായവും ഫൊക്കാന ആവശ്യപ്പെട്ടു. ഇതിനു വേണ്ടി എല്ലാ അംഗസംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സൗത്ത് ഫ്ളോറിഡായിലെ പാർക്ക് ലാന്‍റിൽ മാർജറി സ്റ്റോണ്‍മാൻ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ