ചെൽസിയ മാനിംഗ് യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നു
Monday, January 15, 2018 11:07 PM IST
മേരിലാന്‍റ്: മേരിലാന്‍റ് സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക്ക് സ്ഥാനാർഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം ചെൽസിയ മാനിംഗ് പ്രഖ്യാപിച്ചു. ഫെഡറൽ ഇലക്ഷൻ കമ്മീഷൻ മുന്പാകെ സ്ഥാനാർഥിത്വത്തിനാവശ്യമായ രേഖകൾ സമർപ്പിച്ചതായും ഇവർ അറിയിച്ചു.

മുൻ ആർമി ഇന്‍റലിജൻസ് അനലിസ്റ്റ് ആയിരുന്ന ചെൽസിയായെ വിക്കിലിക്സിന് ക്ലാസിഫൈഡ് രേഖകൾ ചോർത്തി നൽകി എന്ന കുറ്റത്തിന് 35 വർഷത്തെ തടവ് അനുഭവിച്ചുവരുന്നതിനിടെ കഴിഞ്ഞ വർഷം ഒബാമ സർക്കാർ മാപ്പു നൽകി മോചിപ്പിച്ചിരുന്നു. ജയിലിൽ പോകുന്നതിനു മുന്പ് ബ്രാഡ്ലി മാനിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ ട്രാൻസ് ജെന്‍റർ ആയിമാറി ചെൽസിയ എന്ന പേർ സ്വീകരിക്കുകയായിരുന്നു. ഒക് ലഹോമയിൽ ജനിച്ച ഇവർ ഇപ്പോൾ മേരിലാന്‍റിലെ രജിസ്ട്രേഡ് വോട്ടറാണ്. കഴിഞ്ഞ രണ്ട് ടേമുകളായി ഡമോക്രാറ്റിക് പ്രതിനിധിയായി വിജയിച്ച ബെൽ കാർഡിനെയാണ് ഇവർക്ക് പ്രൈമറിയിൽ നേരിടാനുള്ളത്. സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക് അയോഗ്യത ഇല്ലെന്നാണ് നിയമ വകുപ്പ് നൽകുന്ന നിയമോപദേശം.

റിപ്പോർട്ട്: പി.പി. ചെറിയാൻ