എൻഎസ്എസ് ഓഫ് മിഷിഗണ്‍ രൂപീകരിച്ചു
Saturday, December 9, 2017 3:55 AM IST
ഷിക്കാഗോ: നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ പതിമൂന്നാമതു കരയോഗമായ നായർ സൊസൈറ്റി ഓഫ് മിഷിഗണ്‍ രൂപീകൃതമായി.

നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ് എം.എൻ.സി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വേണുഗോപാൽ നായർ സ്വാഗതം ചെയ്തു. എം.എൻ.സി നായർ ദേശീയ നായർ സംഗമത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും, അടുത്ത വർഷം ഷിക്കാഗോയിൽ നടക്കുന്ന ദേശീയ നായർ സംഗമത്തിൽ ഏവരും പങ്കെടുത്ത് വിജയകരമാക്കിത്തീർക്കണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത കഐച്ച്എൻഎ പ്രസിഡന്‍റ് സുരേന്ദ്രൻ നായർ സമുദായത്തിന്‍റെ പ്രസക്തിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. കണ്‍വൻഷൻ ചെയർമാൻ ജയൻ മുളങ്ങാട് നായർ സംഗമം 2018-ന്‍റെ വിശദമായ രൂപരേഖ അവതരിപ്പിച്ചു. വൈസ് ചെയർ സുനിൽ നായർ നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രം വിശദമായി അവതരിപ്പിച്ചു.

പുതിയ സംഘടനയുടെ ഭാരവാഹികളായി വേണുഗോപാൽ നായർ (പ്രസിഡന്‍റ്), മധു നായർ (വൈസ് പ്രസിഡന്‍റ്), രാജേഷ് നായർ (ജനറൽ സെക്രട്ടറി), സ്മൃതി നായർ (ജോയിന്‍റ് സെക്രട്ടറി), അരുണ്‍ ശ്യാമളൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. യോഗാനന്തരം രാജേഷ് നായർ ഏവർക്കും നന്ദി അറിയിച്ചു. ചടങ്ങിൽ നായർ സംഗമം 2018-ന്‍റെ ശുഭാരംഭ ചടങ്ങും നടന്നു. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം