ഫൊക്കാനാ കണ്‍വൻഷൻ; മലയാളിയുടെ മാമാങ്കത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി
Friday, November 24, 2017 12:08 PM IST
ന്യൂയോർക്ക്: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ 2018 ജൂലൈ നാലു മുതൽ ഏഴുവരെ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ഒരുങ്ങിക്കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വൻഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.

ഫൊക്കാനാ ജനറൽ കണ്‍വൻഷന് ഫിലാഡൽഫിയായിലെ പന്പയും മറ്റു മലയാളിസംഘടനകളുമാണ് ആതിഥ്യം വഹിക്കുന്നത്. ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പത്തിനാല് വർഷത്തെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വൻഷന്. അതിനുള്ള തയാറെടുപ്പു കൂടി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്പോൾ അവയുടെ പരിസമാപ്തി കൂടി ആകും ഫിലഡൽഫിയായിൽ നടക്കുക.

ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വൻഷൻ. നാം ഇതുവരയും എന്തു ചെയ്തു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി എന്നിവയൊക്കെ ആധികാരികമായി പറയുവാൻ ഈ കണ്‍വൻഷന്‍റെ വേദികൾ നാം ഉപയോഗപ്പെടുത്തും. ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല. നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തനം മറ്റാർക്കും പകർത്താനോ അതികരിക്കുവാനോ ആർക്കും ആയിട്ടുമില്ല. വിദ്യാഭ്യാസ സഹായം,വിവാഹസഹായം, ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവർത്തനങ്ങളാണ് അവ. കൂടാതെ സർക്കാരിന്‍റെ പല പദ്ധതികളിൽ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവർക്ക് വീടുകൾ, അതിന്‍റെ പ്രവർത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.

ഫിലഡൽഫിയായിൽ നടക്കുന്ന കണ്‍വൻഷനു മുന്നോടിയായി കണ്‍വഷൻ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനും സാധിച്ചു. എല്ലാ അംഗസംഘടനകളും കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയാറെടുപ്പുകളിലാണ്. ഏർലി ബേർഡ് രജിസ്ട്രേഷൻ 2018 ജനുവരി 31 ന് അവസാനിക്കും. അതിനുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് കൂടുവാൻ സാധ്യത ഉണ്ട്. ജനുവരി 31വരെ രെജിസ്റ്റർ ചെയുന്നവർക്ക് വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ തന്നെ റൂമകൾ ലഭിക്കുമെന്ന് ട്രഷറർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ എന്നിവർ അറിയിച്ചു.

കണ്‍വൻഷന്‍റെ വിജയത്തിനായി വളരെ ചിട്ടയോടു കൂടി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, ട്രസ്റ്റി ബോർഡ്ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയർ ലീലാ മാരേട്ട്, വൈസ് പ്രസിഡന്‍റ് ജോസ് കാനാട്ട്; അസോ. സെക്രട്ടറി ഡോ. മാത്യു വർഗീസ്, അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, അസോ. ട്രഷറർ ഏബ്രഹാം കളത്തിൽ, അഡീ. അസോ. ട്രഷറർ സണ്ണി മറ്റമന എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ