മാർ യൗസേബിയൂസിനു യാത്രയയപ്പ്
Sunday, October 15, 2017 2:56 AM IST
ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ പ്രഥമ ഇടയൻ തോമസ് മാർ യൗസേബിയൂസ് മെത്രാപ്പൊലീത്തയുടെ ഒൗദ്യോഗിക യാത്രയയപ്പ് 2017 ഒക്ടോബർ 28 ന് എൽമണ്ടിലെ സീറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10ന് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹബലിക്കു ശേഷം യാത്രയയപ്പ് മീറ്റിങ്ങ് നടത്തപ്പെടും.

2010 ജൂലൈ 14നു പരിശുദ്ധ ബനഡിക്ട് പതിനാറാമൻ പാപ്പാ സീറോ മലങ്കര കത്തോലിക്കാ വിശ്വാസികൾക്കായി അമേരിക്കയിൽ ഒരു എക്സാർക്കേറ്റ് സ്ഥാപിക്കുകയും അതിന്‍റെ ചുമതല മാർ യൗസേബിയൂസിനെ ഏല്പിക്കുകയും ചെയ്തു.അന്നു മുതൽ അദ്ദേഹത്തിന്‍റെ മികവാർന്ന നേതൃത്വത്തിൽ നടന്നു വന്ന സഭാപ്രവർത്തനങ്ങളുടെ അംഗീകാരമായി 2015 ഡിസംബർ 18ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ പ്രസ്തുത എക്സാർക്കേറ്റിനെ സെന്‍റ് മേരി, ക്വീൻ ഓഫ് പീസ് സീറോ മലങ്കര കത്തോലിക്കാ എപ്പാർക്കി ആയി ഉയർത്തുകയും മാർ യൗസേബിയൂസിനെ അതിന്‍റെ അദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

ആഗോള കത്തോലിക്കാ സഭയുടെ വൈവിധ്യമാർന്ന പാരന്പര്യങ്ങളുടെ ആത്മിക സന്പത്ത് അമേരിക്കയിലെ കത്തോലിക്കാ സഭയ്ക്ക് പകർന്നു നൽകുന്നതിൽ ശ്രദ്ധിച്ചിരുന്ന മാർ യൗസേബിയൂസിന്‍റെ പ്രവർത്തന ഫലമായാണ് സീറോ മലങ്കര സഭയ്ക്ക് അന്ത്യോക്യൻ ആത്മീകതയും മലങ്കര പൈതൃകവും സമ്മേളിപ്പിച്ചു കൊണ്ട് സ്വന്തമായി ഒരു കത്തീഡ്രലും ചാൻസറിയും വിവിധ കേന്ദ്രങ്ങളിൽ സ്വന്തമായി ദേവാലയങ്ങളും ഉണ്ടായത്. ഒട്ടുമിക്ക ആരാധനാക്രമ പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് അദ്ദേഹത്തിന് ഇക്കാലയളവിൽ കഴിഞ്ഞു.
1986 ൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട മാർ യൗസേബിയൂസ് 1997ലാണ് റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്.

വിവിധ സെമിനാരികളിലെ പ്രാഫസർ, ഇടവക വികാരി, തിരുവനന്തപുരം അതിരൂപതയുടെ പ്രീസ്റ്റ് പേഴ്സണൽ, പ്രസ്ബിറ്റർ കൗണ്‍സിൽ സെക്രട്ടറി, സീറോ മലങ്കര സഭാ വൈദികരുടെ സിനഡൽ കമ്മീഷൻ സെക്രട്ടറി, സർവോദയ വിദ്യാലയ സ്കൂളുകളുടെ ബർസാർ, സംഘാടകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാർ യൗസേബിയൂസ് 1998 ഏഷ്യൻ മെത്രാൻമാരുടെ സിനഡിൽ തിയോളജിക്കൽ എക്സ്പർട്ട് ആയും പങ്കെടുത്തിട്ടുണ്ട്. സീറോ മലങ്കര കത്തോലിക്കാ സഭയിലെ പുതതായി രൂപീകരിക്കപ്പെട്ട പാറശാല രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായിട്ടാണ് മാർ യൗസേബിയൂസിന്‍റെ പുതിയ നിയോഗം.