ഫോമാ 2020 കണ്‍വെൻഷൻ ടൊറന്‍റോയിൽ നടത്തണമെന്ന ആവശ്യവുമായി കനേഡിയൻ മലയാളികൾ
Sunday, October 15, 2017 2:51 AM IST
ടൊറന്‍റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2020 കണ്‍വെൻഷൻ കാനഡയിലെ ടൊറന്‍റോയിൽ നടത്തണമെന്ന് കനേഡിയൻ മലയാളികൾ ആവശ്യപ്പെട്ടു.

കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ നിർത്താൻ പ്രാദേശികമായി തുല്യനീതി പുലർത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതിനാൽ വിസ്തീർണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയിൽ ഒരു കണ്‍വെൻഷൻ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയൻ മലയാളികൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കണ്‍വെൻഷനുകൾ കാനഡയിൽ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിൻബലമേകുന്നതായി അവർ ചൂണ്ടി കാട്ടി. മാത്രമല്ല ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്േ‍റാ കണ്‍വെൻഷൻ നടത്തിയ അന്നത്തെ നേതൃനിര ഇന്ന് ഫോമാ കണ്‍വെൻഷൻ ഏറ്റെടുത്ത് നടത്താൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ മലയാളികൾക്ക് ഈ കണ്‍വെൻഷൻ ഒരു രാജ്യാന്തര ടൂറിനും കനേഡിയൻ കാഴ്ചകൾ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാൽ കൂടുതൽ അംഗങ്ങൾ അമേരിക്കയിൽ നിന്ന് തന്നെ ഈ കണ്‍വെൻഷനിൽ പങ്കെടുക്കാൻ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കണ്‍വെൻഷൻ നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്‍റുകളുടെ പിന്തുണ, കലാ സാംസ്കാരിക സംഘടനകളുടെയും കലാകാര·ാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

കാനഡയിലെ തന്നെ എട്ടോളം മലയാളിസംഘടനകൾ ഇപ്പോൾ ഫോമായോടൊപ്പമുണ്ട്. കാനഡയിലൊരു കണ്‍വെൻഷൻ നടത്തിയാൽ കൂടുതൽ മലയാളി സംഘടനകൾ ഫോമായോടൊപ്പം ചേരാൻ തയ്യാറായിട്ടുണ്ട്.

എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ നിലവിലുള്ളവർ കൂടി മറുകണ്ടം ചാടാൻ സാധ്യതയുണ്ട്. അതിനാൽ ഫോമായുടെ വളർച്ചയും അംഗബലവുമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ 2020 ഫോമാ കണ്‍വെൻഷൻ ടൊറോന്േ‍റായിൽ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും ഫോമായുടെ നിലവിലുള്ള ഭാരവാഹികൾ അതിനായി യത്നിക്കണമെന്നും കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരിയും ഫോമായുടെ കാനഡാ റീജിയണൽ പ്രസിഡണ്ടുമായ തോമസ് കെ തോമസിന്‍റെ നേതൃത്വത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളോടൊപ്പം കനേഡിയൻ മലയാളികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജയ് ശങ്കർപിള്ള