ന്യൂയോർക്ക്: ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ 'സ്ഥാനം' ത്തിന്റെ സംഗീത സംവിധായകൻ അമേരിക്കയിലെത്തി. ഷിക്കാഗോ, ഡിട്രോയിറ്റ്, ഫിലാഡൽഫിയ, ന്യുയോർക്ക്, കാലിഫോർണിയ, ഡാളസ്, ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പരിപാടികളിൽ ഡോ. സാം കടമ്മനിട്ട പങ്കെടുക്കും.
ഓണപ്പാട്ടുകൾ, പ്രണയ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, ഹിന്ദു ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ തുടങ്ങി നിരവധി ആൽബങ്ങൾക്കു രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള ഡോ. സാം കടമ്മനിട്ട തൃപ്പൂണിത്തുറ ആർ. എൽ. വി. കോളേജിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
ക്രൈസ്തവ സഭയിലെ അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാട്ടുന്ന സിനിമയാണ് സ്ഥാനം. ചേരിതിരിഞ്ഞുള്ള പോർവിളികൾക്കു പക്ഷം പിടിക്കാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുകയാണ് പദ്മശ്രീ മധു അവതരിപ്പിക്കുന്ന അലക്സാണ്ടർ സർ എന്ന കഥാപാത്രം. മഹാപണ്ഡിതനായ അലക്സാണ്ടർ സാറിന്റെ സ്ഥിരം സന്ദർശകനാണ് വിനു മോഹൻ അവതരിപ്പിക്കുന്ന പ്രദീപ് എന്ന നായക കഥാപാത്രം. ഹയർ സെക്കണ്ടറി കലോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മാളവികയാണ് ചിത്രത്തിലെ നായിക. അലക്സാണ്ടർ സാറിന്റെ ചെറുമകൾ വിമല എന്ന കഥാപാത്രമാണ് മാളവിക അവതരിപ്പിക്കുന്നത്.
ജോയ് മാത്യു, സുനിൽ സുഗത, കെ.പി.എ.സി.ലളിത, രാകേന്ദു, ശൈലജ, വിഷ്ണു, തിരുവല്ല സാബ, പദ്മനാഭൻ തന്പി, ഹരിലാൽ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട് . ഛായാഗ്രഹണം ശരത്, എഡിറ്റിങ് സിദ്ധാർത്ഥ ശിവ, പ്രൊഡക്ഷൻ ഡിസൈനർ അനിൽ കെ.പെണ്ണുക്കര, കലാസംവിധാനം കെ.ഗിരീഷ്, പ്രൊഡക്ഷൻ കണ്ട്രോളർ ജയേഷ്, ചമയംപട്ടണം റഷീദ്, ശബ്ദലേഖനം ഹരികുമാർ, മുഖ്യ സംവിധാന സഹായികൾ സുനിൽ സ്കറിയ മാത്യു, വിനോദ് വിശ്വം, സംവിധാന സഹായികൾ പ്രവീണ്‍ ബി സാമുവേൽ, അജിത് കുമാർ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ അർജുൻ ആയിലത്ത്, നിശ്ചല ഛായാഗ്രഹണം ദീപ അലക്സ്,ഷിജു ജി ബാലൻ, വാർത്താ വിതരണം എ.എസ് ദിനേശ് , ടൈറ്റിൽ ഡിസൈൻ ബിജൂസ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം