വേതന വർധന ആവശ്യപ്പെട്ട് മെക്ക് ഡോണാൾഡ് ജീവനക്കാരുടെ പ്രകടനം
Thursday, May 25, 2017 6:19 AM IST
ഷിക്കാഗോ: മെക്ക് ഡോണാൾഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷിക്കാഗോ ഡൗണ്‍ ടൗണിൽ ജീവനക്കാർ കൂറ്റൻ പ്രകടനം നടത്തി. യുനൈറ്റഡ് കോന്‍റിനെന്‍റൽ ഹോട്ടലിൽ ഷെയർ ഹോൾഡേഴ്സിന്‍റെ മീറ്റിംഗ് നടക്കുന്നതിനിടെയാണ് ജീവനക്കാർ പ്രതിഷേധവുമായി പുറത്തു പ്രകടനത്തിനെത്തിയത്. പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മണിക്കൂറിന് 15 ഡോളർ കുറഞ്ഞ വേതനം നൽകണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഇപ്പോൾ 7.65 ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്.

മെക്ക് ഡോണാൾഡ് സ്വന്തമായി നടത്തുന്ന റെസ്റ്റോറന്‍റുകളിൽ 10 ഡോളർ ലഭിക്കുന്പോൾ, ചില സ്ഥലങ്ങളിൽ പത്ത് ഡോളറിൽ താഴെയാണ് നൽകുന്നത്. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മിനിമം വേതനം ഉയർത്തുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വാഗ്ദാനം നൽകിയിരുന്നതായും പ്രകടനക്കാർ ചൂണ്ടിക്കാട്ടി.

ഷെയർ ഹോൾഡേഴ്സിന്‍റെ യോഗത്തിൽ ചോദ്യോത്തര വേളയിൽ ഈ വിഷയം ഉന്നയിച്ചുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ഉയർന്നില്ലെന്ന് കന്പനി വക്താക്കൾ അറിയിച്ചു. രാജ്യവ്യാപകമായി പതിനായിരക്കണക്കിന് ജീവിനക്കാരാണ് കുറഞ്ഞ വേതനം ഉയർത്തണമെന്നാവശ്യപ്പെട്ടു രംഗത്തെത്തിയിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ