ഷിക്കാഗോ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ
Saturday, May 20, 2017 8:20 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ ജൂണ്‍ 9 മുതൽ 11 വരെ ആഘോഷിക്കുന്നു.

ജൂണ്‍ ഒന്പതിന് (വെള്ളി) വൈകുന്നേരം 6.30 ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോർജ് മാളിയേക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് മതബോധന സ്കൂൾ കലോത്സവം നടക്കും.

10ന് (ശനി) വൈകുന്നേരം 5.30 ന് പാട്ടുകുർബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമങ്ങൾക്കുശേഷം സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും സെന്‍റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. വികാരി ജനറാളും സെന്‍റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഏബ്രാഹം മുത്തോലത്ത്, സഹവികാരി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമികരായിരിക്കും. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകും.

പ്രധാന തിരുനാൾ ദിനമായ 11ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാൾ റാസ കുർബാനക്ക് ഡിട്രോയിട്ട് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമികത്വം വഹിക്കും. രൂപത ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമികരായിരിക്കും. ഫാ. ജോണിക്കുട്ടി പുലിശേരി സന്ദേശം നൽകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് നടക്കുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ. ബാബു മഠത്തിപറന്പിൽ നേതൃത്വം നൽകും.

മാത്യു ആൻഡ് റെജി ഇടിയാലിൽ, ജിതിൻ, മെറിൽ ആൻഡ് മാത്തുക്കുട്ടി എന്നിവരാണ് തിരുനാളിന്‍റെ പ്രസുദേന്തിമാർ.