കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാകണം: പിണറായി വിജയന്‍
Monday, July 16, 2018 2:43 PM IST
ഷിക്കാഗോ: നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. തടസം നില്‍ക്കുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള തൊഴിലാളികളെ കോരിത്തരിപ്പിക്കുന്ന ഹേ മാര്‍ക്കറ്റ് സ്‌ക്വയറും, സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സ്ഥലവും സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വിവേകാനന്ദന്റെ പ്രസംഗം നടന്നപ്പോള്‍ ഉണ്ടായിരുന്ന തുറസായസ്ഥലം ഇപ്പോള്‍ ഹാളായി. മ്യൂസിയവുമുണ്ട്. 'സഹോദരീ സഹോദന്മാരേ..' എന്ന അഭിസംബോധനയിലൂടെ വലിയ ചര്‍ച്ചയ്ക്കാണ് സ്വാമി വിവേകാനന്ദന്‍ വഴിവെച്ചത്. മതങ്ങളുടെ സാരാംശമെല്ലാം ഒന്നാണെന്നും എല്ലാവരും സൗഹാര്‍ദ്ദത്തോടെ കഴിയണമെന്നുമാണ് സ്വാമി വിവേകാനന്ദന്‍ പഠിപ്പിച്ചത്.

പ്രവാസികളില്‍ ബഹുഭൂരിപക്ഷവും വലിയ സമ്പന്നരല്ല. തിരിച്ചുപോയാല്‍ രണ്ടോ മൂന്നോ മാസം കഴിയുമ്പോഴേയ്ക്കും പഴയ അവസ്ഥയിലെത്തുന്നു. ജോലിയും അതിലെ വരുമാനവും കൊണ്ട് ജീവിക്കുന്നവരാണ് മഹാഭൂരിപക്ഷം. വലിയ മിച്ചമൊന്നും വയ്ക്കാന്‍ അവര്‍ക്കാവില്ല. തിരിച്ച് അവര്‍ നാട്ടിലേക്കു വരുമ്പോള്‍ സംരക്ഷിക്കാന്‍ പദ്ധതികളൊന്നുമില്ല. അവരില്‍ നിന്നു സമാഹരിച്ച വലിയ തുക കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്. അവര്‍ക്കായി എന്തെങ്കിലും പദ്ധതി തുടങ്ങാനോ സഹായിക്കാനോ കേന്ദ്രം ഒരുക്കമല്ല. സ്‌റ്റേറ്റിനകട്ടെ പരിമിതികളുണ്ട്. സാമ്പത്തികശേഷി ഇല്ല എന്നതു തന്നെ പ്രധാനം. എങ്കിലും പരിമിതികളില്‍ നിന്നു പരമാവധി സഹായമെത്തിക്കാന്‍ ശ്രമിക്കുന്നു. പലവിധ ആനുകൂല്യങ്ങള്‍ ഫലപ്രദമായി നല്‍കുന്നു.

പ്രവാസി സംരംഭങ്ങള്‍ക്ക് നാട്ടില്‍ വിജയിക്കാനുള്ള അവസ്ഥയും ഉണ്ടാകേണ്ടതുണ്ട്. നാടിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ പ്രവാസികള്‍ക്ക് ഒരു വേദിയുണ്ടായിരുന്നില്ല. ആ കുറവ് നികത്താനാണ് ലോക കേരള സഭയ്ക്ക് രൂപംകൊടുത്തത്. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല കേരളം. എല്ലാവരേയും ഒരുമിച്ചു കൂട്ടുക എളുപ്പമല്ലാത്തതിനാല്‍ പ്രാതിനിധ്യ സ്വഭാവത്തിലാണ് കേരള സഭയ്ക്ക് രൂപംകൊടുത്തത്.

കേരളത്തിന്റെ ഉന്നമനത്തിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഡോ. കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. അങ്ങനെ പുതിയ ആശയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ആര്‍.വി.പി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രനുംപ്രസംഗിച്ചു. ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിനു പുറമെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലി മല്‍സരത്തിന്റെ ഫണ്ട് സമാഹരണ കിക്ക് ഓഫും ചിക്കാഗോ ക്‌നാനായ ചര്‍ച്ചിന്റെ 400ം ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ബുള്ളറ്റിന്റെ കോപ്പി വികാരി ഫാ. വിന്‍സ് ചെത്തലില്‍ ഏറ്റു വാങ്ങി.

സന്തോഷ് നായര്‍ ആയിരുന്നു എംസി. ജസി റിന്‍സി സ്വാഗതം പറഞ്ഞു. ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ഫാ. വിന്‍സ് ചെത്തലില്‍, സിറിയക്ക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സതീശന്‍ നായര്‍, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ബിനു പൂത്തറയില്‍, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിംകുറ്റി, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ടോമി അമ്പേനാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ശിവന്‍ മുഹമ്മ