ഫോമ എല്ലാ മലയാളികള്‍ക്കുംവേണ്ടി: ബന്നി വാച്ചാച്ചിറ
Sunday, June 24, 2018 4:08 PM IST
ഷിക്കാഗോ: എല്ലാ മലയാളികള്‍ക്കും ഒത്തുകൂടാനുള്ള വേദിയാണ് ഫോമാ കണ്‍വന്‍ഷനെന്നും, മതേതര സംഘടനകള്‍ക്കു മാത്രം കഴിയുന്ന കൂട്ടായ്മയാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും ഫോമാ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബെന്നി. മുന്‍കാല നേതാക്കള്‍ വെട്ടിത്തെളിച്ച പാതയില്‍ സഞ്ചരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന്ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. ലോക മലയാളികളുടെ അഭിമാനമായി ഫോമ മാറി.

ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ആയിരുന്നു എം.സി. ഹര്‍ത്താലിന്റെ ഉത്തരവാദിത്വം തന്റേയും മോന്‍സിന്റേയും തലയില്‍ വെയ്‌ക്കെണ്ടെന്നു രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. മറ്റേ പാര്‍ട്ടിയും ഇതുതന്നെയാണ് ചെയ്യുന്നത്. ഫോമ നേടിയ വലിയ ജനപിന്തുണയും അദ്ദേഹം എടുത്തുകാട്ടി.

മലയാളി സമൂഹത്തിന്റെ മികവ് കോണ്‍സല്‍ ജനറല്‍ ഡി.ബി പാട്ടീല്‍ എടുത്തു പറഞ്ഞു. സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് മേധാവി അബ്ദുള്‍ അസീസ് മലയാളികള്‍ കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി.

സ്വതസിദ്ധമായ നര്‍മ്മവുമായാണ് ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഫോമാ കണ്‍വന്‍ഷനിലെത്തിയത്. മലയാളി എവിടെ ചെന്നാലും ഒരു ശക്തിയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയില്‍ നിന്നൊരു നായ ഇല്ലീഗലായി അമേരിക്കയിലെത്തി. അമേരിക്കയിലെ നായകള്‍ സ്വീകരിച്ചു. പിറ്റേന്ന് ഒരെല്ലിനുവേണ്ടി അമേരിക്കന്‍ നായകള്‍ കടിപിടി കൂടുന്നതാണ് ചൈനീസ് നായ കാണ്ടത്. കമ്യൂണിസമുള്ള ചൈനയിലാണെങ്കില്‍ എല്ലാവര്‍ക്കും 50 ഗ്രാം വീതം ഇറച്ചി വീതം വീതിച്ചു നല്‍കുമായിരുന്നു എന്നും കടിപിടി ഒന്നും ആവശ്യമില്ലെന്നും ചൈനീസ് നായ പറഞ്ഞു.

എങ്കില്‍ പിന്നെ ഇങ്ങോട്ടുവന്നത് എന്തിനാണെന്ന് അമേരിക്കന്‍ നായകള്‍. 'അതോ, അതൊന്ന് സ്വാതന്ത്ര്യമായി കുരയ്ക്കാനാണ്' മറുപടി. ഓട്ട മത്സരത്തില്‍ വിജയിച്ച സോമാലിയന്‍ പൂച്ചയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. പട്ടിണിക്കാരുടെ രാജ്യമായ സോമാലിയയില്‍ നിന്നുള്ള പൂച്ച എങ്ങനെ വിജയം കണ്ടു? ഒടുവില്‍ ഇന്ത്യന്‍ പൂച്ചയോട് രഹസ്യമായി സോമാലിയന്‍ പൂച്ച പറഞ്ഞു: 'ഞാന്‍ സോമാലിയന്‍ പുലിയാണ്. പട്ടിണി കാരണം മെലിഞ്ഞ് പൂച്ചയായതാണ്.'



പണം മാത്രമല്ല ജീവിതത്തില്‍ പ്രധാനം. നല്ലതു ചെയ്യാന്‍ നല്ല കുടുംബം ഉണ്ടാകണം. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പത്‌നി ധാരാളമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. അവരുടെ പ്രാര്‍ത്ഥന മന്ത്രിയെ ശക്തിപ്പെടുത്തുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ വിട്ടപ്പോള്‍ പറഞ്ഞതാണ് ഭാര്യയുടെ പിന്തുണയെപ്പറ്റി. അതുകൊണ്ടാണ് താന്‍ പിടിച്ചുനിന്നതെന്ന്. അതുകൊണ്ട് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ ശക്തിയായി നിലനില്‍ക്കണം.

വെള്ളിമൂങ്ങ സിനിമയുടെ സംവിധായകന്‍ കഥയ്ക്കുവേണ്ടി സമീപിച്ച കാര്യവും അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ക്ക് വിവാഹം കഴിഞ്ഞ് ഏഴെട്ടു വര്‍ഷമാകുമ്പോള്‍ പരസ്ത്രീ ബന്ധത്തോട് താത്പര്യം വരുന്നു. സെവന്‍ ഇയര്‍ ഇച്ച്. സ്വന്തം ഭാര്യയിലേക്ക് മടങ്ങിവരുന്ന കഥയാണ്‍ തന്നൊറ്റു സസാരിച്ച ശേഷം അവര്‍ തയ്യാറാക്കിയത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

മതേതര മൂല്യങ്ങള്‍ കാക്കുന്ന പ്രസ്ഥാനമാണ് ഫോമയെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. മതേതരത്വവും മാനവീകതയുമാണ് പ്രധാനം. ഇന്ദ്രജാല പ്രകടനത്തോടെയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് സദസിനെ കയ്യിലെടുത്തത്. വാക്കുകളുടെ ശക്തി അദ്ദേഹം എടുത്തു കാട്ടി. ആദിയില്‍ വചനമുണ്ടായിരുന്നുവെന്ന് ബൈബിളും, ഓങ്കാര നാദത്തില്‍ നിന്നാണ് എല്ലാം രൂപംകൊണ്ടതെന്ന് ഇന്ത്യന്‍ വിശ്വാസങ്ങളും പറയുന്നു. വാക്കുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു, മാറ്റിമറിക്കുന്നു. അത് ഏറെ കാലികപ്രസക്തിയുള്ളതാണ്. സമ്മേളനത്തിനെത്തിയവരും അത് ഒര്‍ക്കണം

ഫോമ യുവജനോത്സവ വേദിയില്‍ കലാപ്രതിഭകളാകുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കുമോ എന്നു മുമ്പ് ജനറല്‍ സെക്രട്ടറി ജിബി തോമസ് തന്നോട് ഒരു സദസ്സില്‍ വച്ചു ചോദിച്ചുവെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. കൊടുക്കാമെന്നു പറയുകയും ചെയ്തിരുന്നു. പിന്നെ താനത് മറന്നുവെങ്കിലും മറക്കാതെ പ്രസിഡന്റ് ബെന്നി വിളിച്ചാണ് തന്നെ കൊണ്ടുവന്നത്. കലാപ്രതിഭയും കലാതിലകവുമാകുന്നവര്‍ക്ക് അവസരം നല്‍കും.