മൈസൂരു കൊട്ടാരത്തിൽ ഫയർ സ്റ്റേഷൻ
Saturday, November 25, 2017 7:49 AM IST
മൈസൂരു: മൈസൂരു കൊട്ടാരത്തിൽ ഫയർ സ്റ്റേഷൻ നിർമിക്കാൻ ജില്ലാ ഭരണകൂടം പദ്ധതിയിടുന്നു. കൊട്ടാരത്തിൻറെ സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് ഈ നടപടി. ബംഗളൂരുവിലെ വിധാൻ സൗധയിലെ ഫയർ സ്റ്റേഷൻറെ മാതൃകയിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഫയർ സ്റ്റേഷനാണ് കൊട്ടാരത്തിൽ നിർമിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തീപിടുത്തമുണ്ടായാൽ അപായമുന്നറിയിപ്പ് അറിയിക്കാനായി കൊട്ടാരം ഓഫീസിനു സമീപം അലാറം സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു അസിസ്റ്റൻറ് ഫയർ ഓഫീസറുടെ നേതൃത്വത്തിൽ 24 അഗ്നിശമനസേനാംഗങ്ങളായിരിക്കും ഫയർ സ്റ്റേഷനിലുണ്ടാവുക.

മാസങ്ങൾക്കു മുന്പ് കൊട്ടാരത്തിലുണ്ടായ തീപിടിത്തത്തിൽ ഓഫീസിലെ ടിക്കറ്റ് കൗണ്ടർ കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് കൊട്ടാരത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അന്ന് ഡപ്യൂട്ടി കമ്മീഷണറായിരുന്ന സി. ശിഖ ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാരിന് സമർപ്പിച്ചിരുന്നു.