കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലൻഡിൽ മൂന്ന് മലയാളികൾ അബോധാവസ്ഥയിൽ
Thursday, November 16, 2017 6:44 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മൻ, മാതാവ് ഏലിക്കുട്ടി ഡാനിയോൽ, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇറച്ചിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാൻ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികൾ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാൽ വിഷബാധയേറ്റില്ല. ഇവർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടിൽ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവർക്കും കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയൽവാസിയും ഷിബുവിന്‍റെ സുഹൃത്തുമായ ജോജി വർഗീസ് പറഞ്ഞു.

ന്യൂസിലൻഡിന്‍റെ വടക്കൻ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. ഇവർ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദന്പതികളുടെ കുട്ടികളെ മേഖലയിലെ മലയാളി സമൂഹമാണ് ഏറ്റെടുത്തിരിക്കുന്നത്.