ജംബു സവാരി: ആനകളുടെ പരിശീലനം തുടങ്ങി
Tuesday, August 22, 2017 1:17 AM IST
മൈസൂരു: ദസറയുടെ ഭാഗമായി നടക്കുന്ന ജംബു സവാരിക്കായുള്ള എട്ട് ആനകളുടെ പരിശീലനം ആരംഭിച്ചു. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ഭാരം വഹിക്കാനുള്ള പരിശീലനമാണ് പ്രധാനമായും ആനകൾക്ക് നല്കുന്നത്. ഇതിനായി, ജംബുസവാരിയിൽ അവർ വഹിക്കേണ്ട ഭാരത്തിന് ആനുപാതികമായി ഭാരമുള്ള മണൽച്ചാക്കുകൾ പുറത്തുകെട്ടിവച്ച ശേഷമാണ് പരിശീലനം. ഇതിനായി പ്രത്യേക പരിശീലനവും നല്കുന്നുണ്ട്.

ആനകളുടെ ശരീരഭാരം അളന്ന ശേഷമായിരുന്നു പരിശീലനം ആരംഭിച്ചത്. 5250 കിലോഗ്രാം ഭാരമുള്ള അർജുനയാണ് കൂട്ടത്തിൽ ഏറ്റവും വന്പൻ. ജംബുസവാരിയിൽ 750 കിലോഗ്രാം ഭാരമുള്ള സുവർണസിംഹാസനം വഹിക്കുന്നത് അർജുനയാണ്. ബലരാമ (4,990 കിലോ), അഭിമന്യു (4,850 കിലോ), ഗജേന്ദ്ര (4,600 കിലോ), കാവേരി (2,820 കിലോ), വിജയ (2,770 കിലോ) എന്നിവരുടെയും ഭാരമളന്നു. പരിശീലനത്തിന്‍റെ ഭാഗമായി ആനകൾക്കായി പ്രത്യേക ഭക്ഷണക്രമവും തയാറാക്കിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ഇവയുടെ ഭക്ഷണത്തിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്.

ജംബു സവാരിയിൽ പങ്കെടുക്കുന്പോൾ ആനകൾക്ക് കായികക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. പത്ത് പാചകവിദഗ്ധരടങ്ങുന്ന പ്രത്യേക സംഘമാണ് ആനകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണമൊരുക്കുന്നത്.

ചോളത്തിനൊപ്പം വേവിച്ചെടുത്ത അരി, ചെറുപയർ, ഉഴുന്ന്, ഗോതന്പ്, കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, വെണ്ണ, തേങ്ങ, ശർക്കര, നിലക്കടല എന്നിവ അരച്ച് ഉരുളയാക്കി വൈക്കോലിൽ പൊതിഞ്ഞുണ്ടാക്കുന്ന വിഭവം, പച്ചപ്പുല്ല്, ആലില, കരിന്പ് തുടങ്ങിയവയാണ് ആനകൾക്കായി തയാറാക്കുന്നത്.