ശുദ്ധവെള്ളമെത്തിച്ച് തടാകങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
Saturday, August 12, 2017 8:11 AM IST
ബംഗളൂരു: സംസ്ഥാനത്ത് ഗുരുതരമായ മലിനീകരണ പ്രശ്നങ്ങൾ മൂലം നാശത്തെ അഭിമുഖീകരിക്കുന്ന തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരിെ പുതിയ പദ്ധതി. മലിനജലം ശുദ്ധീകരിച്ച് തിരികെ തടാകത്തിലെത്തിക്കുന്ന പദ്ധതിക്കായി 883 കോടി രൂപയാണ് വകയിരുത്തുന്നത്. രാജ്യത്ത് ആദ്യമായാണ് തടാകസംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി രൂപീകരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ദേവനഹള്ളിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. 13,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ബംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലുള്ള ഒന്പതു തടാകങ്ങളും ചിക്കബല്ലാപുര ജില്ലയിലെ 44 തടാകങ്ങളും ബംഗളൂരു അർബൻ ജില്ലയിലെ നോർത്ത് താലൂക്കിലെ 12 തടാകങ്ങളുമാണ് പുതിയ പദ്ധതി പ്രകാരം പുനരുജ്ജീവിപ്പിക്കുന്നത്. ഹെബ്ബാൾ, നാഗവാര താഴ്വരയിലെ മലിനജല സംസ്കരണ പ്ലാന്‍റുകളിൽ നിന്നാണ് തടാകങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നത്. ഇവിടങ്ങളിൽ നിന്നായി ദിവസേന 210 മില്യണ്‍ ലിറ്റർ ജലം പൈപ്പ് വഴി തടാകങ്ങളിൽ എത്തിക്കും. ബാഗലൂർ തടാകത്തിലാണ് ആദ്യം വെള്ളമെത്തിക്കുന്നത്. 18 മാസങ്ങൾ കൊണ്ട ് എല്ലാ തടാകങ്ങളിലും ശുദ്ധജലം എത്തിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

മലിനീകരണ പ്രശ്നങ്ങൾ നേരിടുന്ന തടാകങ്ങളെ വീണ്ടെ ടുക്കാനും കാലങ്ങളായി നിർജീവാവസ്ഥയിലായ നദികളെ തിരിച്ചുകൊണ്ട ുവരാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ബംഗളൂരുവിന്‍റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഉത്തര പിനാകിനി, ദക്ഷിണ പിനാകിനി, ചിത്രാവതി, പാപാഗ്നി എന്നീ നദികൾ 20 വർഷമായി നിർജീവമാണ്. ഇവയെ രക്ഷിക്കാൻ പദ്ധതിക്കു സാധിക്കും. കൂടാതെ ഭൂഗർഭജലത്തിന്‍റെ അളവ് കൂട്ടാനും സാധിക്കും. പദ്ധതി വിജയമായാൽ അടുത്ത ഘട്ടമായി കൂടുതൽ തടാകങ്ങളിൽ ശുദ്ധജലമെത്തിക്കാനാണ് തീരുമാനം.

നിലവിൽ കോലാർ ജില്ലയിലെ തടാകങ്ങളിൽ ജലമെത്തിക്കാൻ കോറമംഗല, ചല്ലഘട്ട താഴ്വരയിൽ സമാനമായ ഒരു പദ്ധതി നടന്നുവരികയാണെന്ന് ജലസേചനമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.