പെർത്തിൽ വിൻസെൻഷ്യൻ സഭ ധ്യാന കേന്ദ്രം തുടങ്ങി
Thursday, August 3, 2017 8:13 AM IST
പെർത്ത്: ഏറെക്കാലത്തെ പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ പെർത്തിലെ ബൈഫോർഡിൽ കേരളത്തിൽനിന്നുള്ള വിൻസെൻഷ്യൻ സഭാ അംഗങ്ങൾ ധ്യാന കേന്ദ്രം തുടങ്ങി. ജൂലൈ 29ന് പെർത്ത് ആർച്ച്ബിഷപ് തിമോത്തി കോസ്റ്റലോ ധ്യാന കേന്ദ്രം വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങളിൽ ആർച്ച്ബിഷപ് ബാരിഹിക്കി, വിൻസെൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, പ്രൊവിൻഷ്യാൾ സൂപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, മോണ്‍. ബ്രയൻ ലോക്ലൻ തുടങ്ങിയവർ സഹകാർമികരായിരുന്നു.

എല്ലാ കണ്ണുകളും ക്രിസ്തുവിൽ ക്രേന്ദ്രീകരിക്കേണ്ട സമയമാണെന്നും ക്രിസ്തുവിൽ ആശ്രയിക്കാതെയുള്ള പ്രവർത്തനങ്ങൾ വലിയ തകർച്ചക്ക് ഇടവരുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച്ബിഷപ് തിമോത്തി കോസ്റ്റെലോ പറഞ്ഞു. എല്ലാ സേവനങ്ങളിലും ക്രിസ്ത്യാനികൾ യേശുവിന്‍റെ സാന്നിധ്യം ഉറപ്പുവരുത്തണം. ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭക്ക് പുതിയ ധ്യാനകേന്ദ്രം ദൈവത്തിൽനിന്നുള്ള അനുഗ്രഹമായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പ്രസംഗിച്ച ആർച്ച്ബിഷപ് ബാരിഹിക്കിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. വർഷങ്ങൾക്ക് മുന്പ് നടത്തിയ കേരള സന്ദർശനത്തോടെയാണ് വിൻസെൻഷ്യൻ വൈദികരുടെ ഓസ്ട്രേലിയയിലേക്കുള്ള വരവിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം ഓർമിച്ചു.

വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, പ്രൊവിൻഷ്യാൾ സുപ്പീരിയർ മാത്യു കക്കാട്ടുപിള്ളിൽ, മെൽബണ്‍ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റോജൻ ജോർജ്, ഫാ. മൈക്കിൾ പഴയപിള്ളി, ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വർഗീസ് പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ 10ന് വെഞ്ചരിപ്പോടെ ആരംഭിച്ച കർമങ്ങൾ ഉച്ചയ്ക്ക് ഒന്നോടെ സമാപിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. ചടങ്ങുകൾക്ക് ഫാ. വർഗീസ് പാറയ്ക്കൽ, ഫാ. സാബു കളപ്പുരയ്ക്കൽ, ഫാ. തോമസ് മങ്കുത്തേൽ, ഫാ. അനീഷ് ജയിംസ് എന്നിവർ നേതൃത്വം നൽകി.

കേരളത്തിലെ ധ്യാനകേന്ദ്രങ്ങളുടെ മാതൃകയിൽ താമസിച്ച് ധ്യാനിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 50 പേർക്ക് താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് നാല് മുതൽ താമസിച്ചുള്ള ധ്യാനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഫാ. വർഗീസ് പാറയ്ക്കൽ അറിയിച്ചു.

റിപ്പോർട്ട്: പ്രകാശ് ജോസഫ്