മാർ കുര്യാക്കോസ് കുന്നശേരിക്ക് അനുസ്മരണം
Monday, June 19, 2017 5:22 AM IST
മെൽബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശേരിയോടുള്ള ഓസ്ട്രലീയൻ ക്നാനായ മക്കളുടെ സ്നേഹവും വാൽസല്യവും അടങ്ങിയതാണ് ഈ അനുസ്മരണ. കോട്ടയം അതിരൂപതയുടെ ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക മേഖലകളിലെ വളർച്ചയ്ക്കു പിന്നിലെ സൂര്യതേജസിനെ ക്നാനായ മക്കൾക്ക് മറക്കുവാൻ സാധിക്കുകയില്ല. കോട്ടയം രൂപതയുടെ വളർച്ചയ്ക്കുവേണ്ടി കോട്ടയത്ത് നിന്നും മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ ക്നാനായ മക്കൾക്കുവേണ്ടി പള്ളികൾ പണിത് അവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുവാൻ പിതാവിനു കഴിഞ്ഞു.

തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസികളായ ക്നാനായ മക്കളുടെ ഉന്നമനത്തിനുവേണ്ടി അസോസിയേഷനുകളെ പ്രത്സോഹിപ്പിക്കുകയും തുടർന്ന് പള്ളികൾ പണിയാനുള്ള നടപടികൾക്കായി ക്നാനായ മിഷനുകൾ സ്ഥാപിക്കാൻ പിതാവ് മുൻകൈയെടുത്തു. അതിനുശേഷം യുകെയിലേക്ക് കുടിയേറിയ ക്നാനായ മക്കളുടെ ഏകീകരണത്തിനുവേണ്ടി ഫാ. സിറിയക് മറ്റത്തിനെ പാരീസിലേക്ക് പഠിക്കുവാൻ വിടുകയും 2001 നവംബർ 10ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ അതിരൂപതയിലെ പാർസൻസ് ഗ്രീൻ ദേവാലയത്തിൽ കുന്നശേരി പിതാവിന്‍റെ നിർദേശപ്രകാരം കുർബാനയോടുകൂടി യുകെ കെസിഎ എന്ന വലിയ അൽമായ സംഘടനയ്ക്കു രൂപം നൽകുകയും ചെയ്തു.

ഫാ. സിറിയക് മറ്റം, ഫാ. സജി മലയിൽ പുത്തൻപുര, സിറിൾ കൈതവേലി, ഷാജി വരാക്കുടി എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നടത്തിയ ആദ്യത്തെ യുകെ കെസിഎ കണ്‍വൻഷനിലാണ്് മാർ കുര്യക്കോസ് കുന്നശേരി ആദ്യമായും അവസാനമായും ഇംഗ്ലണ്ടിൽ എത്തിയത്.
പിന്നീട് ഓസ്ട്രീലിയായിൽ നടന്ന ക്നാനായ മക്കളുടെ കുടിയേറ്റത്തിന്‍റെ ആരംഭത്തിൽ ക്നാനായ മക്കൾക്കുവേണ്ടി കോട്ടയം രൂപതയിൽ നിന്ന് ഫാ. ജേക്കബ് തടത്തിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. സജി കാരാമക്കുഴി എന്നിവരെ മെൽബണ്‍ രൂപതയിലേക്കും സെയിൽ രൂപതയിലേക്കും പിതാവ് മുൻകൈയെടുത്താണ് വിട്ടത്.

ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്കുമുന്പ് ഫാ. ജേക്കബ് തടത്തിലിന്‍റെ നേതൃത്വത്തിലാണ് തോമസ് അക്കമാലി പ്രസിഡന്‍റായി ക്നാനായ അസോസിയേഷൻ രൂപീകരിക്കുന്നത്.ക്നാനായ മക്കൾക്കുവേണ്ടി മാത്രമല്ല മാർ കുന്നശേരി തന്‍റെ കഴിവുകൾ വിനിയോഗിച്ചത്. സീറോ മലബാർ സഭയുടെ വളർച്ചയ്ക്കുപിന്നിലും പിതാവിന്‍റെ കരസ്പർശമുണ്ടായിരുന്നു. പുതിയതായി രൂപംകൊണ്ട സീറോ മലബാർ സഭയുടെ മെൽബണ്‍ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂരും ദിവംഗതനായ മാർ കുന്നശേരിയും ഒരേമനസോടെ പ്രവർത്തിച്ചവരായിരുന്നു. പ്രഥമ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതിനുമുന്പ് പിതാവ് വിശ്രമിച്ചിരുന്ന കാരിത്താസിൽ ചെന്നു കണ്ട് അനുഗ്രഹം വാങ്ങിയാണ് വന്നതെന്ന് മാർ ബോസ്കോ ഓർമ്മിച്ചു.

ദിവംഗതനായ മാർ കുന്നശേരിയുടെ ദേഹവിയോഗത്തിൽ ലോകന്പാടുമുള്ള ക്നാനായ മക്കളോടൊപ്പം ഓസ്ട്രീലിയായിലെ ക്നാനായ മക്കളും ദുഖത്തിൽ പങ്കുചേരുന്നു. ഓസ്ട്രീലിയായിലെ വിവിധഭാഗങ്ങളിലുള്ള ക്നാനായ സംഘടനകൾ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. മെൽബണിലിലെ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ പ്രസിഡന്‍റ് ജോബിൻ പൂഴിക്കുന്നേലിന്‍റെ അധ്യക്ഷതയിൽ അനുശോചനയോഗം നടത്തുകയും മെൽബണിലെ ഫാ. ജെയിംസ് അരിച്ചിറയുടെ നേതൃത്വത്തിൽ പിതാവിന്‍റെ ആത്മശാന്തിയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൽ