നമ്മ മെട്രോ: ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി
Thursday, June 8, 2017 1:07 AM IST
ബംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. അവസാനകടന്പയായ സുരക്ഷാ പരിശോധനയും കഴിഞ്ഞതോടെയാണ് ഒന്നാംഘട്ടം പൂർത്തിയായത്. സുരക്ഷാപരിശോധനാ റിപ്പോർട്ട് ജൂണ്‍ ആറിന് റെയിൽ സുരക്ഷാ കമ്മീഷണർ കെ.എ. മനോഹരൻ ബിഎംസിആർഎലിനു സമർപ്പിക്കും. പരിശോധനയിൽ ചെറിയ പിഴവുകൾ കണ്ടെത്തിയാൽ വ്യവസ്ഥകളോടെയുള്ള സർട്ടിഫിക്കറ്റ് നല്കും.

ഗുരുതരമായ പിഴവുകളുണ്ടായാൽ തിരുത്താൻ ബിഎംസിആർഎലിനു സമയം നല്കും. അതേസമയം, പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തൃപ്തരാണെന്നാണ് ബിഎംസിആർഎലിൻറെ പ്രതീക്ഷ. അനുമതി ലഭിച്ചാൽ ഈമാസം 15നകം ഉദ്ഘാടനം ചെയ്യാനാണ് നീക്കം. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന വടക്കുതെക്ക് പാതയായ ഗ്രീൻലൈനിൽ സാന്പിഗെ റോഡ് മുതൽ യെലച്ചനഹള്ളി വരെയുള്ള പാതയിലാണ് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

സിഗ്നലുകളുടെ പ്രവർത്തനം, സുരക്ഷാ ക്രമീകരണങ്ങൾ, സ്റ്റേഷനുകളിൽ യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവയാണ് പരിശോധിച്ചത്. പാതയിലെ സാന്പിഗെ റോഡ് മുതൽ കെആർ മാർക്കറ്റ് വരെയുള്ള നാലു കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇവിടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൂക്ഷ്മ പരിശോധനയും നടത്തി. ചിക്പേട്ട് മെട്രോ സ്റ്റേഷനിലെ അവസാന മിനുക്കുപണി വേഗത്തിലാക്കാൻ സുരക്ഷാ കമ്മീഷണർ ബിഎംസിആർഎലിനു നിർദേശം നല്കിയിട്ടുണ്ട്. പാതയിൽ ചിക്പേട്ട്, കെആർ മാർക്കറ്റ്, ലാൽബാഗ്, രാഷ്ട്രീയ വിദ്യാലയ റോഡ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, ബാണാശങ്കരി, ജെപി നഗർ എന്നീ സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചതോടെ വിപുലമായ ഉദ്ഘാടന പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമടക്കം 250 വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ഏപ്രിലിൽ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നാണ് ബിഎംസിആർഎൽ അറിയിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. കിഴക്കുപടിഞ്ഞാറ് ഇടനാഴിയായ പർപ്പിൾ ലൈനിൽ കഴിഞ്ഞ വർഷം സർവീസ് പൂർണമായി ആരംഭിച്ചിരുന്നു.