പിയു വിദ്യാര്‍ഥികള്‍ ഇനി യൂണിഫോം ധരിക്കേണ്ട
Tuesday, May 23, 2017 1:05 AM IST
ബംഗളൂരു: സംസ്ഥാനത്തെ പ്രീയൂണിവേഴ്‌സിറ്റി കോളജുകളില്‍ യൂണിഫോം ഒഴിവാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഈ അധ്യയനവര്‍ഷം മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളെ യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അല്ലാത്തപക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ പിയു കോളജുകള്‍ക്കും സ്വകാര്യ, എയ്ഡഡ് കോളജുകള്‍ക്കും നിര്‍ദേശം നല്കി.

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള യൂണിഫോം ചുരിദാര്‍ ആക്കാനും തീരുമാനമായി. അതേസമയം, ആണ്‍കുട്ടികളുടെ യൂണിഫോമില്‍ മാറ്റമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനം കുട്ടികളും ചുരിദാര്‍ വേണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷംയൂണിഫോം ചുരിദാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഒലിവ് പച്ചനിറത്തിലുള്ള ചുരിദാറായിരിക്കും യൂണിഫോം.