ശുചിത്വനഗരം: മൈസൂരുവിന് തിരിച്ചടി; രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
Thursday, May 11, 2017 8:00 AM IST
മൈസൂരു: രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വനഗരമായി ഹാട്രിക് തികയ്ക്കാനൊരുങ്ങിയ മൈസൂരുവിന് കനത്ത തിരിച്ചടി. ശുചിത്വനഗരങ്ങളുടെ പുതിയ പട്ടികയിൽ മൈസൂരു അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മധ്യപ്രദേശിലെ ഇൻഡോർ ആണ് മൈസൂരുവിന്‍റെ ഒന്നാം സ്ഥാനം തട്ടിയെടുത്തത്. മുൻവർഷങ്ങളിൽ 73 നഗരങ്ങളെ മാത്രം ഉൾപ്പെടുത്തി സ്വച്ഛ് സർവേക്ഷണ്‍ സർവേ നടന്നപ്പോൾ ഇത്തവണ 434 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഇതാണ് മൈസൂരുവിന്‍റെ മോഹങ്ങളെ തകർത്തത്. കഴിഞ്ഞ രണ്ട ു വർഷവും ഒന്നാം സ്ഥാനം മൈസരൂവിനായിരുന്നു. അന്ന് പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലാണ് സർവേ നടത്തിയത്. എന്നാൽ ഇത്തവണ കുറഞ്ഞ പരിധി ഒരുലക്ഷമാക്കി മാറ്റുകയായിരുന്നു. ഇതോടെ രാജ്യത്തെ 434 നഗരങ്ങളിൽ സർവേ നടത്തേണ്ടിവന്നു.

ഇൻഡോർ, ഭോപ്പാൽ, വിശാഖപട്ടണം, സൂററ്റ് എന്നിവയ്ക്കു താഴെയാണ് മൈസൂരുവിന്‍റെ സ്ഥാനം. പുതിയ പട്ടികയിൽ ബംഗളൂരു 210-ാം സ്ഥാനത്താണ്. നൂറിൽ താഴെ കർണാടകയിൽ നിന്ന് മംഗളൂരു മാത്രമേയുള്ളൂ. 63-ാം സ്ഥാനത്താണ് മംഗളൂരു. ഉഡുപ്പി (143), ശിവമോഗ (147), മാണ്ഡ്യ (148), തുമകുരു (152), ഗദഗ്- ബെട്ടഗിരി (167), ഹുബ്ബള്ളി- ധർവാഡ് (199), ബാഗൽകോട്ട് (203), ഭദ്രാവതി (217), റാണെബെന്നൂർ (220), ചിക്കമംഗളൂരു (225), ഹാസൻ (227), ബലാഗവി (248), ബല്ലാരി (283), ദാവൻഗരെ (288), കാലാബുരാഗി (294), വിജയപുര (312), ബിദാർ (315), ഹോസപേട്ട (317), റായ്ച്ചൂർ (328), ചിത്രദുർഗ (337), റോബേർട്ട്സണ്‍പേട്ട് (347), കോലാർ (373), ഗംഗാവതി (381, ബദാമി (388) എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ.

ഇതിനിടെ, ശുചിത്വനഗര മൂല്യനിർണയത്തിൽ രാഷ്ട്രീയഇടപെടൽ നടന്നതായി സംശയിക്കുന്നതായി മൈസൂരു മേയർ എം.ജെ. രവികുമാർ ആരോപിച്ചു. മൈസൂരു അഞ്ചാമതായതിനെക്കുറിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനോടു ചോദിച്ചപ്പോൾ മൈസൂരു ഇപ്പോഴും ശുചിത്വമുള്ള നഗരമാണെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും മേയർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളേക്കാൾ മികച്ച ഒരുക്കം നടത്തിയിട്ടും ഒന്നാം സ്ഥാനം ലഭിക്കാതെ പോയത് ആസൂത്രിതമാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.