ഓസ്ട്രേലിയയിൽ മലയാള ചിത്രം "ടേക്ക് ഓഫ്’ പ്രദർശനത്തിന്
Thursday, March 30, 2017 5:54 AM IST
മെൽബണ്‍: നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിതകഥ യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രം "ടേക്ക് ഓഫ്’ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തുന്നു. മെൽബണിലെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ നന്മ ഇന്‍റർനാഷണലാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.

ഏപ്രിൽ രണ്ടിന് മെൽബണിലെ ഫൗണ്ടൻ ഗേറ്റ് വില്ലേജ് സിനിമയിൽ വൈകുന്നേരം 6.30നും വെരിബി വില്ലേജ് സിനിമയിൽ 6.30നും ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിന് സൗത്ത് ബാങ്ക് ബാക്ക്ലോട്ട് സിനിമയിലും 23ന് മെൽബണിലെ ക്ലയിറ്റണ്‍ മൊണാഷ് യൂണിയൻ സിനിമയിൽ മൂന്നിനും ആറിനും ഒന്പതിനും ക്രെഗിബണ്‍ യൂണൈറ്റഡ് സിനിമയിൽ വൈകുന്നേരം 6.30നുമാണ് പ്രദർശനം.

വിദേശത്തു പോയി നിരവധി കുടുംബങ്ങളെ സാന്പത്തികമായി രക്ഷപെടുത്തിയ നഴ്സുമാർ അനുഭവിക്കേണ്ടിവന്ന യാതനകളുടെയും വേദനകളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് ടേക്ക് ഓഫ്. സ്ത്രീകളുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ചലച്ചിത്രം കൂടിയാണിത്. രാജേഷ് പിള്ള സിനിമയ്ക്കു വേണ്ടി ആന്‍റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

സിനിമയുടെ ടിക്കറ്റിനും റിസർവേഷനും റോഷൻ സുധീഷ്, സജി, ജിപ്സൻ എന്നിവരെ 0416 465908, 0422249718, 0401615829 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: റെജി പാറയ്ക്കൻ