മെൽബണിൽ കേളി കാരുണ്യ പദ്ധതിക്ക് തുടക്കമായി
Saturday, March 18, 2017 8:24 AM IST
മെൽബണ്‍: മെൽബണിലെ ഫാമിലി കൂട്ടായ്മയായ കേളിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുവേണ്ടി കാരുണ്യ പദ്ധതി ആവിഷ്കരിക്കുന്നു. ഒരു സാധാരണ കുടുംബത്തിന് പെട്ടെന്നു വരുന്ന ആവശ്യങ്ങൾ മുന്നിൽകണ്ട് അംഗങ്ങളുടെ ഇടയിൽ സാന്പത്തിക സഹായം എന്ന നിലയിൽ ആണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.

മെൽബണിലും പരിസര പ്രദേശങ്ങളിലും മലയാളികൾക്കിടയിൽ കണ്ടുവരുന്ന അനാരോഗ്യകരമായ സാന്പത്തിക ലാഭം കൊയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി അംഗങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ സാന്പത്തിക സഹായം ചെയ്തു കൊടുക്കുന്ന കാരുണ്യ പദ്ധതി ഏത് മലയാളികൾക്കും പ്രയോജനപ്പെടുന്നതാണ്. ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ പദ്ധതിയിൽ ഇതിനോടകം അംഗമായി കഴിഞ്ഞു. ഏറ്റവും കൂടുതൽ ആയിരം ഡോളർ വരെ ലേലം വിളിക്കാൻ പദ്ധതിയിൽ സാധിക്കുകയുള്ളൂ. ഏതൊരു മലയാളിക്ക് എപ്പോൾ ആവശ്യം ഉള്ളപ്പോഴും ഈ ചെറിയ തുകയ്ക്ക് ലേലം വിളിച്ച് അവർക്ക് ആവശ്യമായ തുക പിൻവലിക്കാൻ പദ്ധതിയിലൂടെ കഴിയുന്നു.

കാരുണ്യ പദ്ധതി നടത്തുന്ന ആൾക്ക് അമിതലാഭം ഉണ്ടാകാതെ സാധാരണ ക്കാർക്ക് പ്രയോജനം ചെയ്യുന്ന കാരുണ്യ പദ്ധതി മറ്റ് മലയാളി കൂട്ടായ്മകളും തുടങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാർക്ക് കാരുണ്യ പദ്ധതി ഒരു വൻ ഭീഷണിയായി മാറുമെന്നതിൽ സംശയമില്ല.

ജോസഫ് വരിക്കമാൻതൊടി, ജി.കെ. ഗോപകുമാർ, പോൾ രാജ്, തോമസ് തോട്ടങ്കര, ജോണി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേളി ഫാമിലി കൂട്ടായ്മയുടെ പരിപാടികളുടെ ഭാഗമായി നടന്ന കൾച്ചറൽ പരിപാടികൾക്ക് ഗീതാ ഗോപകുമാർ, ജാൻസി തോമസ്, ആഷ്ലി ജോണി, സുനിത പോൾ, മെൽവിൻ ജോസഫ്, കുഞ്ഞുമോൾ തോമസ്, ജിത്തു പോൾ, രേഷ്മാ ഗോപകുമാർ, മേരിക്കുട്ടി പാറയ്ക്കൻ, സ്വിറ്റി പോൾ, മെറിൻ ജോസഫ്, ക്രിസ്റ്റഫർ തോമസ് എന്നിവരും നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി പാറയ്ക്കൻ