മിത്രാസ്­ ഫെസ്റ്റിവല്‍ 2017ന് പുതിയ സംവിധായകര്‍
Wednesday, January 18, 2017 8:12 AM IST
ന്യൂജേഴ്‌­സി: നോര്‍ത്ത്­ അമേരിക്കയിലെ കലാ മാമാങ്കമായ മിത്രാസ്­ ഫെസ്റ്റിവല്‍ 2017 നുള്ള സംവിധായകരെ പ്രസിഡന്‍റ് ­ മിത്രാസ്­ ഷിറാസും ചെയര്‍മാന്‍ മിത്രാസ്­ രാജനും പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്­തമായി ഈ വര്‍ഷത്തെ ഉത്സവം മികവുറ്റതും വ്യത്യസ്­തത നിറഞ്ഞതുമാക്കുന്നതിനായി, മുഴുവന്‍ പരിപാടികള്‍ക്കും കൂടി ഒരു സംവിധായകന്‍ എന്നതില്‍നിന്നും ഓരോ പരിപാടികള്‍ക്കും വ്യത്യസ്­ത സംവിധായകര്‍ എന്ന പുതിയ ആശയത്തിലേക്ക്­ മിത്രാസ്­ എത്തിച്ചേരുകയായിരുന്നു.

ഇതനുസരിച്ച്­ ഈ വര്‍ഷത്തെ മിത്രാസ്­ ഫെസ്റ്റിവലിന്‍റെ സംഗീതപരിപാടികളുടെ പൂര്‍ണ ചുമതല നോര്‍ത്ത്­ അമേരിക്കയിലെ പ്രശസ്­ത ഗായകരായ ജെംസണ്‍ കുര്യാക്കോസ്­ (ന്യൂജേഴ്‌­സി), ശാലിനി രാജേന്ദ്രന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ക്കാണ്. സ്­മിത ഹരിദാസ്­ (ന്യൂയോര്‍ക്ക്­), പ്രവീണ മേനോന്‍ (ന്യൂജേഴ്‌­സി) എന്നിവര്‍ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കും. സാങ്കേതിക സംവിധാനങ്ങളുടെ ചുമതല മീഡിയ ലോജിസ്റ്റിക്‌­സിനും ഫിനാന്‍സിന്‍റെ ചുമതല ശോഭ ജേക്കബിനും ആയിരിക്കും. ആരും ഇതുവരെ പറയാത്ത പുതിയൊരു വിഷയവുമായി മിത്രാസിന്റെ സ്വന്തം അഭിനേതാക്കളുടെ ഒരു സ്­കിറ്റും 2017 ലെ ഉത്സവത്തിന്­ മാറ്റുകൂട്ടും.

മിത്രാസ്­ ഫെസ്റ്റിവല്‍ 2017 ലെ സംഗീതപരിപാടികള്‍ മുന്‍കാല പരിപാടികളില്‍നിന്നും വളരെ വ്യത്യസ്­തവും ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതുമായിരിക്കുമെന്ന്­ സംവിധായകരായ ജയ്‌സണും ശാലിനിയും അഭിപ്രായപ്പെട്ടു. പതിവ്­ പാട്ടുകാര്‍ക്കൊപ്പം ഇത്തവണ ചില പുതിയ ഗായകരെയും കൂടി നോര്‍ത്ത്­ അമേരിക്കന്‍ മലയാളികള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നതാണെന്നും മിത്രാസ്­ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കാന്‍ കിട്ടുന്ന ഈ അവസരം തങ്ങളെ സംബന്ധിച്ച്­ ഒരു അംഗീകാരവും വലിയ ഉത്തരവാദിത്തവുമാണെന്നും ഈ വര്‍ഷത്തെ ഉത്സവം ശരിക്കും ഒരു വ്യത്യസ്­ത അനുഭവമാക്കാന്‍ തങ്ങളാല്‍ ആവും വിധം ശ്രമിക്കുമെന്നും ഇരു­വരും കൂട്ടി­ച്ചേര്‍ത്തു.

നോര്‍ത്ത്­ അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മിത്രാസ്­ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ മീഡിയ ലോജിസ്റ്റിക്‌­സിന്­ സന്തോഷമുണ്ടെന്നും ഈ ഉത്സവത്തിന്റെ പൂര്‍ണ വിജയത്തിന്­ തങ്ങളാല്‍ ആവും വിധമുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഓഡിയോ­വിഷ്വല്‍ സംവിധായകരായ മീഡിയ ലോജിസ്റ്റിക്‌­സിന്‍റെ ഭാരവാഹികള്‍ അറിയിച്ചു.

ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്‌­നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട്­ അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തുന്നതിനുവേണ്ടി 2011­ല്‍ സ്ഥാപിതമായ മിത്രാസ്­ ആര്‍ട്‌­സ്­ ചുരുങ്ങിയ കാലംകൊണ്ട്­ തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ്­ അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്­ക്ക്­ വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.

ഈ കലാ സംരംഭത്തിന്‍റെ തയാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും കലാ, സാംസ്­കാരിക, സാമൂഹിക സംഘടനകളോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതുമാണെന്നു മിത്രാസ്­ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍