നിർധനരുടെ നിത്യവൃത്തിക്ക് തയ്യൽ മെഷിൻ പദ്ധതി
Saturday, December 10, 2016 10:07 AM IST
പത്തനംതിട്ട: സമൂഹത്തിൽ അവശതയനുഭവിക്കുന്ന നിർധനരായ കുടുംബങ്ങളുടെ നിത്യചെലവിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഒരു കുടുംബത്തിനു ഒരു തയ്യൽ മെഷിൻ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നവംബർ 13ന് പത്തനംതിട്ട ടൗൺഹാളിൽ അമേരിക്കൻ മലയാളിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കമാണ്ടർ വർഗീസ് ചാമത്തിൽ നിർവഹിച്ചു.

ഓൾ കേരള വിധവ അസോസിയേഷൻ പ്രസിഡന്റ് ആനി ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ടയിൽ മാത്രം 80,000 അംഗങ്ങളുള്ള വിധവാ അസോസിയേഷനിലെ ഭൂരിഭാഗവും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരാണെന്നും സ്വയം ഉപജീവന മാർഗം കണ്ടെത്തി കുടുംബം പുലർത്തുന്നതിന് ഇത്തരം പദ്ധതികൾ വലിയൊരു അനുഗ്രഹമാണെന്നും ഇതിന് നേതൃത്വം നൽകുന്ന വർഗീസ് ചാമത്തിലിന്റെ പ്രവർത്തനങ്ങൾ പ്രശംസാർഹമാണെന്നും ആനി ജേക്കബ് പറഞ്ഞു. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തി മൂന്ന് സ്കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അനുകരണീയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

വിധവ അസോസിയേഷൻ സെക്രട്ടറി ജമീല മുഹമ്മദ്, ഹജ്‌ജുമ്മ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

വർഗീസ് ചാമത്തിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇതുവരെ തന്റെ സമ്പാദ്യത്തിൽ നിന്നും പ്രത്യേകം വേർതിരിച്ചു മാറ്റിവച്ച തുകയാണ് ഉപയോഗിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാക്കുവാൻ താല്പര്യമുളള സഹൃദയർ 214 441 0791 എന്ന ഫോൺ നമ്പരിലോ വർഗീസ് [email protected] എന്ന ഈ മെയിലിലൊ ബന്ധപ്പെടണമെന്നും വർഗീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ