ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ് ബുക്കിൽ ബ്രോഡ്കാസ്റ്റ് നടത്തിയ യുവതികൾ അപകടത്തിൽ മരിച്ചു
Saturday, December 10, 2016 6:21 AM IST
പെൻസിൽവേനിയ: കാറിൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കിൽ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയ യുവതികളായ ഡ്രൈവറും കൂട്ടുകാരിയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെന്തു മരിച്ചു. പെൻസിൽവേനിയ ഇന്റർസ്റ്റേറ്റ് 380 ഹൈവേയിൽ ഡിസംബർ ആറിനായിരുന്നു സംഭവം. കുറഞ്ഞ വേഗതയിൽ ഡ്രൈവ് ചെയ്തിരുന്ന കാറിനു പുറകിൽ സെമി ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം ഉയർന്ന് നിലം പതിക്കുകയും വലിയ പൊട്ടിത്തെറിയോടെ തീപിടിക്കുകയുമായിരുന്നു. അപകടത്തിൽ ഇരുവരും തിരിച്ചറിയാനാവാത്ത വിധം കത്തി കരിഞ്ഞതായി സംഭവ സ്‌ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

അപകടത്തിൽ മരിച്ച മോറിസൺ ടൂമി(19) കെഎഫ്സിയിലെ ജോലിക്കാരിയും ബ്രൂക്ക് ഹൂഗ്സ്(18) വെസ്റ്റ് സ്കർട്ടൻ ഹൈസ്കൂൾ വിദ്യാർഥിനിയുമാണ്. യുവതികൾ ഓടിച്ചിരുന്ന കാറിന്റെ പിൻ ലൈറ്റിന് എന്തോ തകരാറുണ്ടായിരുന്നതായും സ്പെയർ ടയറാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവരുടെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ