ഫ്ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി. രാജേഷ് എംപി സന്ദർശിച്ചു
Monday, December 5, 2016 4:50 AM IST
സൗത്ത് ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.ബി. രാജേഷ് എംപി ഫ്ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് സന്ദർശിച്ചു.

കോക്കനട്ട് ക്രീക്ക് മേയർ മിക്കി ബെൽമെഡിയറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഡിയർ ഫീൽഡ് ബീച്ചിലുള്ള വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എംപി സന്ദർശിച്ചത്. പ്ലാന്റിലെത്തിയ എംപി യേയും മേയറെയും വേസ്റ്റ് മാനേജ്മന്റ് പ്രസിഡന്റ് ജോൺ കസാഗ്രാൻഡെ സ്വീകരിച്ചു. ഫ്ളോറിഡയിലെ വിവിധ സിറ്റികളിൽ നിന്നും ദിവസേന 350 ടൺ മാലിന്യങ്ങൾ അത്യാധുനിക പ്ലാന്റിൽ വേർതിരിച്ച് വീണ്ടും ഉപയോഗയുക്‌തമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്ലാസ്റ്റിക്, അലുമിനിയം, ഹാർഡ് ബോർഡ്, പേപ്പർ, ഇരുമ്പ് എന്നിങ്ങനെ വേർതിരിക്കാം. ദിവസേന രണ്ടു ടണ്ണോളം അലുമിനിയം മാത്രം ഇത്തരത്തിൽ ലഭിക്കുന്നു. തരാംതിരിച്ച് എടുക്കുന്ന ഇരുമ്പ്, പേപ്പർ,പ്ലാസ്റ്റിക് എന്നിവയും പുനരുപയോഗത്തിന് സാധ്യമാണ്.



സിറ്റികളിൽ നിന്നും ടണ്ണിനു 120 ഡോളർ നിരക്കിലാണ് വേസ്റ്റുകൾ വാങ്ങുന്നത്. രണ്ടു ഷിഫ്റ്റിലായി നാൽപ്പതോളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. യാതൊരു പരിസര മലിനീകരണവും ഇല്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. യാതൊരു വിധത്തിലും പുനരുപയോഗത്തിന് പ്രാപ്തമല്ലാത്ത വസ്തുക്കൾ കത്തിച്ച് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഏറെ ലാഭകരമായാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നും പ്രസിഡന്റ് ജോൺ പറഞ്ഞു.

വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് സന്ദർശനം ഏറെ വിജ്‌ഞാനപ്രദവും ഗുണകരവുമായെന്ന് എം.ബി.രാജേഷ് എംപി പറഞ്ഞു. മുടക്കുമുതൽ 25 കോടി മാത്രമുള്ള ഈ യൂണിറ്റുകൾ നാട്ടിലും പരീക്ഷിക്കാവുന്നതാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള അത്യാധുനിക സംവിധാനമാണ് നമുക്കാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി മത്സരിച്ച ഡോ.സാജൻ കുര്യൻ, മത്തായി മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം