മെൽബണിൽ സഹകരണ പ്രതിസന്ധിക്കെതിരെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചു
Monday, November 28, 2016 2:13 AM IST
മെൽബൺ: നോട്ട് റദ്ദാക്കൽ, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശം ഇപ്പോഴുള്ള 500, 1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഇതു സംബന്ധിച്ച നിവേദനം തയാറാക്കി ഓസ്ട്രേലിയൻ ഹൈകമ്മീഷണർ വഴി പ്രധാനമന്ത്രിക്ക് നൽകാനും മെൽബൺ ഇടതുപക്ഷ മതേത കൂട്ടായ്മയുടേയും ഒഐസിസി ഓസ്ട്രേലിയയുടേയും ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരള സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. കള്ളപ്പണം ഇല്ലായ്മ ചെയ്യാനെന്ന പേരിൽ ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ട് റദ്ദാക്കൽ നടപടി മൂലം ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളോട് ഐക്യപ്പെടാനും നാടിന്റെ നന്മയിൽ പങ്കു ചേരാനും മുന്നോട്ടു വന്ന മെൽബണിലെ മലയാളി കൂട്ടായ്മ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം കോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി റിസർവ് ബാങ്ക് അധികാരികൾ സ്വീകരിക്കുന്നത്. ഇതുമൂലം കേരളത്തിലെ വാണിജ്യ കാർഷിക മേഖല സ്തംഭനാവസ്‌ഥയിലാണ്. ഈ നില തുടർന്നാൽ പ്രവചിക്കാൻ കഴിയാത്ത ദുരന്തം ആയിരിക്കും കേരളത്തിൽ സംഭവിക്കുക. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് നഴ്സുമാരുടെയും മറ്റുള്ളവരുടേയും ആശാകേന്ദ്രം ആയിരുന്നു സഹകരണ പ്രസ്‌ഥാനങ്ങൾ. അതിനാൽ സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി മുഴുവൻ പ്രവാസികളും രാഷ്ര്‌ടീയ ഭേദമെന്യ മുന്നോട്ടു വരണമെന്ന് കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു.

മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ പ്രസിഡന്റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ജോസഫ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. മാർട്ടിൻ ഉറുമീസ്, ദിലീപ് രാജേന്ദ്രൻ, പ്രതീഷ് മാർട്ടിൻ എന്നിവർ സംസാരിച്ചു. തുടർപ്രവർത്തനങ്ങൾക്കായി സഹകരണ സംരക്ഷണ ജനാധിപത്യവേദി രൂപീകരിച്ച് അരുൺ പാലക്കലോടി, റോയ് തോമസ് എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. തുടർന്നു നടന്ന ചർച്ചയിൽ ഗീതു എലിസബത്ത് മാത്യു, അജിത ചിറയിൽ, പി.വി. ജിജേഷ്, വിൻസി മാത്യു, ബേബി മാത്യു, തോമസ് കെ. വർഗീസ്, ടിജോ ജോസ്, റോയ് തോമസ്, ബിനോയ് ജോർജ്, ബിജോ പടയാറ്റിൽ, എബി പൊയ്ക്കാട്ടിൽ, ബിക്സ് ജോസഫ്, ഷൈജു വർഗീസ്, അനീഷ് ജോസഫ്, ലാലു ജോസഫ്, ബെന്നി, അരുൺ പാലക്കലോടി, ത്രേസ്യാമ്മ ജോസ്, ലിജോ മോൻ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ