ഡാളസ് മലങ്കര കത്തോലിക്ക രജത ജൂബിലി സമാപന സമ്മേളനം: ജേക്കബ് പുന്നൂസ് മുഖ്യാതിഥി
Tuesday, October 25, 2016 5:59 AM IST
ഡാളസ്: ഡാളസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മുൻ കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസ് പങ്കെടുക്കും.

നവംബർ 18, 19, 20 തീയതികളിലാണ് രജത ജൂബിലി സമാപന സമ്മേളന പരിപാടികൾ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമത്തിൽ ഡിജിപി ജേക്കബ് പുന്നൂസിനു പുറമെ ഫാ. ഏബ്രഹാം ഉറംബക്കലും പങ്കെടുക്കും.

ഡിജിപി എന്ന നിലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുന്ന ജേക്കബ് പുന്നൂസ് ആദ്യമായാണ് അമേരിക്കൻ സന്ദർശനത്തിനെത്തുന്നത്. അദ്ദേഹത്തിന്റെ 38 വർഷത്തെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ പങ്കിടുന്നത് ഇടവക ജനങ്ങളുടെ മാനസികവും ആത്മീയവുമായ വളർച്ചയെ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കൻ കൂട്ടായ്മകളിൽ കുടുംബ സെമിനാറുകൾക്കും കൗൺസിലിംഗിനും ധ്യാനങ്ങൾക്കും നേതൃത്വം നൽകി വരുന്ന ഫാ. ഏബ്രഹാം ഉറംബക്കൽ സാന്നിധ്യം ആത്മീയ ചൈതന്യം പകരുന്നതാണ്. സംഗമത്തിലേക്ക് സഭാ ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസഫ് നെടുമാൻ കുഴിയിൽ 214 402 0376, വർഗീസ് മാത്യു 214 609 3931, വിജി ചെമ്പനാൽ 817 800 0730

റിപ്പോർട്ട്: പി.പി. ചെറിയാൻ