വാഷിംഗ്ടണിൽ കേരളോത്സവം നവംബർ 30ന്
Friday, October 21, 2016 8:15 AM IST
വാഷിംഗ്ടൺ: ‘ഭാരതമെന്നു കോട്ടാൽ അഭിമാനപൂതമാവണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ...’ വർഷങ്ങൾക്കുമുമ്പ് മലയാളിയുടെ മഹാകവിയായിരുന്ന വള്ളത്തോൾ കുറിച്ച രണ്ടു വരികൾ! അനശ്വരമായി ഇന്നും നിലനിൽക്കുന്ന ഈ വരികൾക്ക്, കലാപ കലുഷിതമായ ഭാരതത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ ഇന്നും പ്രസക്‌തിയേറെ. സാംഗത്യവും പ്രധാന്യവും അനുദിനം വർധിക്കുന്ന ഒരു സുന്ദര ഈരടി.

ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും പ്രവാസിയുടെ ദുഖങ്ങളും പേറുന്ന മേരിലാന്റ്, വാഷിംഗ്ടൺ ഡിസി, വിർജീനിയ മലയാളികൾ കേരളോത്സവം സംഘടിപ്പിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ–സാംസ്കാരികോത്സവം വൈവിധ്യമാർന്ന കലാപരിപാടികൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, ചിന്താസരണിയിൽ ഊർജമേകുന്ന അനേകം സമ്മേളനങ്ങൾ, കേരളത്തിൽ നിന്നുള്ള കലാ–സാംസ്കാരിക–സാഹിത്യ– രാഷ്ട്രീയ പ്രതിഭകളുടെ സാന്നിധ്യം എന്നിവകൊണ്ട് അന്വർഥമാകുന്നതാണ് ആഘോഷപരിപാടികൾ.

ഒക്ടോബർ 30ന് മേരിലാന്റിലെ ലോറൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരിപാടികൾ അരങ്ങേറുക. നാലിന് സ്കൈലനൻ, സ്കൈപാസ് അണിയിച്ചൊരുക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ എന്ന കലാപരിപാടി അരങ്ങേറും. എം.ജി. ശ്രീകുമാർ, രമ്യാനമ്പീശൻ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം മറ്റ് അനേകം കലാകാരന്മാരും അവരുടെ പ്രതിഭ തെളിയിക്കും. കൈരളി ഓഫ് ബാൾട്ടിമോർ, കെഎജിഡബ്ല്യു, കെസിഎസ് എന്നീ സംഘടനകൾ സംയുക്‌തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം