കാൻബറയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും
Thursday, September 29, 2016 7:11 AM IST
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിൽ സെന്റ് അൽഫോൻസ സീറോ മലബാർ ചർച്ചിൽ തിരുനാളും ഇടവക ദിനവും സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

30ന് (വെള്ളി) വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമവും തിരുസ്വരൂപ പ്രതിഷ്ഠയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ഫാ. വർഗീസ് വാവോലി വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിക്കും.

ഒക്ടോബർ ഒന്ന് (ശനി) ഇടവക ദിനമായി ആചരിക്കുന്നു. രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. മാത്യു കുന്നപ്പള്ളി കാർമികത്വം വഹിക്കും. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 5.30ന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ വിവിധ ഫാമിലി യൂണിറ്റുകളുടേയും ഭക്‌തസംഘടനകളുടെയും നേതൃത്വത്തിൽ കൾചറൽ നൈറ്റും തുടർന്ന് സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാൾ ദിനമായ രണ്ടിന് (ഞായർ) ആഘോഷമായ പൊന്തിഫിക്കൽ കുർബാനക്ക് താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ തിരുക്കർമങ്ങളിലും ഇടവക ദിനാചരണത്തിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ ഏവരേയും സ്വാഗതം ചെയ്തു.

തിരുനാളിന്റെ വിജയത്തിനായി കൺവീനർ കെന്നഡി ഏബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, രാജു ഏബ്രഹാം, ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: ജോമി പുലവേലിൽ