സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു
Monday, August 8, 2016 6:56 AM IST
സിംഗപ്പൂർ: പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു. സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള അവാർഡുകൾ വിതരണം ചെയ്തു.

ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തക ദയ ബായി ഏറ്റുവാങ്ങി.

സംഗീത രംഗത്തെ പ്രവർത്തനങ്ങൾക്ക് പിന്നണി ഗായകൻ ജി. വേണുഗോപാലും പത്രപ്രവർത്തന രംഗത്തെ പ്രവർത്തനങ്ങൾക്ക് കേരള കൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് എം.പി. ശ്യാം കുമാറും യൂത്ത് ചോയ്സ് അവാർഡ് സിനിമാതാരം പാർവതി നമ്പ്യാരും ഏറ്റുവാങ്ങി.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രിയും സിനിമാതാരവുമായ ഗണേഷ് കുമാർ സിംഗപ്പൂർ നാടക രംഗത്ത് 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കൈരളി കലാ നിലയത്തിന്റെ പുനർ സമർപ്പണം നിർവഹിച്ചു.

സിംഗപ്പൂർ കൈരളി കലാ നിലയം പ്രസിഡന്റ് ജി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ ജി. വേണുഗോപാൽ, സിതാര, സച്ചിൻ വാര്യർ എന്നിവർ അവതരിപ്പിച്ച ഗാനമേളയും കൈരളി കലാനിലയം പ്രവർത്തകർ അവതരിപ്പിച്ച ‘കണ്ണാടി’ എന്ന നാടകവും അരങ്ങേറി.