റവ. ഫിലിപ്പ് ഫിലിപ്പിന് ഹൂസ്റ്റണിൽ ഊഷ്മള വരവേൽപ്
Saturday, July 9, 2016 2:01 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും ജോർജ് ബുഷ് അന്താരാഷ്ര്‌ട വിമാനത്താവളത്തിൽ ഹ്യദ്യമായ വരവേൽപു നൽകി. ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പും ഇടവക ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നൽകി.

കല്യാൺ സെന്റ് ആൻഡ്രൂസ്, ബാംഗ്ലൂർ പ്രിംറോസ് റോഡ്, കൊൽക്കത്ത മാർത്തോമ ഇടവക എന്നീ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അനുഭവ സമ്പത്തുമായാണ് അദ്ദേഹം ഹൂസ്റ്റണിൽ ചുമതലയേൽക്കുന്നത്. കണ്ണൂർ പരിയാരം ഗൈഡൻസ് സെന്ററിന്റെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

2005 ജൂലൈ ഒന്നിനു കശീശാപട്ടം സ്വീകരിച്ച പത്തനാപുരം ചാച്ചിപുന്ന ഇടവകാംഗമായ അദ്ദേഹം വലിയപറമ്പിൽ റവ. വി. ജി. ബാബുവിന്റെയും ആലീസ് ബാബുവിന്റെയും മകനാണ്. ബസ്കിയാമ്മ ജിൻസി ഓയൂർ ചെങ്കുളം കിഴക്കേതിൽ ടി. ജെ. ജോണിന്റെ മകളാണ്. പ്രത്യാശ്, പ്രജോദ് എന്നിവർ മക്കളാണ്.

350 ൽ പരം കുടുംബങ്ങളുളള ട്രിനിറ്റി ഇടവകയിലെ യുവജനങ്ങളുടെ ഇടയിലുളള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് അച്ചന്റെ സേവനങ്ങൾ ഉപകരിയ്ക്കുമെന്നു ഇടവക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റാഫോഡ് പാഴ്സനേജിലും റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ സ്വീകരണങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

<യ> റിപ്പോർട്ട്: ജീമോൻ റാന്നി