ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര 2016; പ്രവർത്തനങ്ങൾ വിലയിരുത്തി
Thursday, July 7, 2016 8:28 AM IST
മെൽബൺ: മെൽബണിൽ നിന്നു സെപ്റ്റംബർ 17, 18, 19, 20 തീയതികളിൽ താസ്വേനിയായിലേക്ക് നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ കപ്പൽ യാത്രയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു കമ്മിറ്റി ഭാരവാഹികൾ താസ് വേനിയായിലെ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ചു.

താസ്വേനിയായിലെ പ്രശസ്തമായ റിസോർട്ടായ താമർവാലിയിൽ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിശാലമായ റിസോർട്ടിൽ വിവിധ തരത്തിലുളള ഗെയിംമുകൾക്കും സ്പോർട്സിനും കലാപരിപാടികൾക്കും ഉളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആസ്വദിക്കാൻ വിവിധ തരത്തിലുളള കളിക്കോപ്പുകൾ വരെ താമർവാലി റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വാട്ടർഫ്രണ്ട് വില്ലാസ് ഇവിടുത്തെ പ്രത്യേകത ആണ്. ഏകദേശം അഞ്ഞൂറിൽപരം ആളുകൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ മറ്റൊരു പ്രത്യേകതയാണ്.

താമർവാലി റിസോർട്ടിൽ താമസിക്കുന്ന മുഴുവൻ പേർക്കും കേരളീയ ഭക്ഷണം ഉൾപ്പെടെ വിളമ്പുന്നതിനും സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. താസ് വേനിയായിലെ ഹോബാട്ടിലെ വിവിധ ആകർഷകങ്ങളായ സ്‌ഥലങ്ങളും കാണുന്നതിനും ഈ യാത്ര വഴി സാധിക്കുമെന്നു സംഘാടകർ അവകാശപ്പെട്ടു.

ക്നാനായ കുടിയേറ്റ അനുസ്മരണ കപ്പൽ യാത്രയുടെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ അലൻ ജോസഫ്, സ്റ്റീഫൻ ഓക്കാടൻ, ജോ ചാക്കോ, സിജോ ചാലയിൽ, ജോബി ജോസഫ്, സജി ഇല്ലിപറമ്പിൽ, ബേബി കരിശേരിക്കൽ, റെജി പാറയ്ക്കൻ എന്നിവർ താസ്വേനിയായിലെ ഒരു ദിവസത്തെ പരിപാടികൾക്കു നേതൃത്വം നൽകി.

ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽനിന്നു ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് പൂർണമായ പിന്തുണ ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. കേരളത്തിനു വെളിയിൽ ആദ്യമായിട്ടാണ് ഓസ്ട്രേലിയയിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നത്.