സാർഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം
Thursday, July 7, 2016 8:21 AM IST
ന്യൂയോർക്ക്: എം.ടി. വാസുദേവൻ നായർ, സുഗതകുമാരി തുടങ്ങി ബെന്യാമിൻ വരെയുളള വിവിധ തലമുറകളിൽപ്പെട്ട സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിട്ടുളള ഫൊക്കാനയുടെ സാഹിത്യ സമ്മേളനം ഇത്തവണയും സാഹിത്യാസ്വാദകരെ നിരാശരാക്കിയില്ല.

മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുളളിക്കാട് മുഖ്യാതിഥിയായി എത്തിയ സമ്മേളനം എഴുത്തുകാരുടേയും ഭാഷാ സ്നേഹികളുടേയും കൂട്ടായ്മയായി മാറി. ഇരിപ്പിടം കിട്ടാതെ സമ്മേളന ഇടം നിറഞ്ഞു നിന്ന കാണികൾ മലയാള ഭാഷ മരിക്കില്ല എന്നതിനു വ്യക്‌തമായ തെളിവായിരുന്നു.

ബാലചന്ദ്രൻ ചുളളിക്കാട് ഇത് രണ്ടാം തവണയാണു ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രമുഖ ചെറുകഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം നടന്ന കവി സമ്മേളനത്തിൽ നന്ദകുമാർ ചാണയിൽ അമേരിക്കയിലെ മലയാള കവിതയെ ആധാരമാക്കി പ്രബന്ധം അവതരിപ്പിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ പ്രഫ. കോശി തലയ്ക്കൽ മുഖ്യ പ്രഭാഷകനായി. ദിവാകരൻ നമ്പൂതിരി മോഡറേറ്ററായിരുന്നു. തുടർന്നു നടന്ന കവിയരങ്ങിൽ ബാലചന്ദ്രൻ ചുളളിക്കാട്, തമ്പി ആന്റണി, മുൻമന്ത്രി ബിനോയ് വിശ്വം, കെ.കെ. ജോൺസൺ, ജയിംസ്, ആനി പോൾ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

സാഹിത്യ സമ്മേളനത്തിന്റെ രണ്ടാം ഭാഗമായി നടന്ന ചെറുകഥ, നോവൽ ചർച്ചകളിൽ സതീഷ് ബാബു പയ്യന്നൂർ അധ്യക്ഷത വഹിച്ചു. നിർമല തോമസ് മോഡറേറ്ററായിരുന്നു. മുരളി ജെ. നായർ, അശോകൻ വേങ്ങാശേരി, നീന പനയ്ക്കൽ, ഡോ. പി.സി. നായർ, ജോൺ ഇളമത, അബ്ദുൾ പുന്നയൂർക്കുളം, ഷീല ഡാനിയേൽ തുടങ്ങി നിരവധി പേർ കഥാ–നോവൽ ചർച്ചകളിൽ പങ്കെടുത്തു.

ജോൺ, ഇളമത, നീന പനയ്ക്കൽ, അബ്ദുൾ പുന്നയൂർക്കുളം പതിനഞ്ച് വയസുകാരനായ ആനന്ദ് സതീഷ് എന്നിവരുടെ പുസ്തങ്ങളുടെ പ്രകാശനവും നടന്നു. ജോൺ ഇളമത, നിർമല തോമസ്, കെ.കെ. ജോൺസൺ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം