ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ തോമാശ്ളീഹായുടെ തിരുനാളിനു തുടക്കമായി
Saturday, June 25, 2016 8:57 AM IST
ഫിലഡല്‍ഫിയ: ഭാരതഅപ്പസ്തോലനും ഇടവകമധ്യസ്ഥനുമായ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാനതിരുനാള്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ സമാരംഭിച്ചു.

ജൂണ്‍ 24നു വൈകുന്നേരം ഏഴിന് ഇടവക വികാരി ഫാ.ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ തിരുനാളിനു കൊടി ഉയര്‍ത്തിയതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്നു ദിവ്യബലിയും മധ്യസ്ഥപ്രാര്‍ഥനയും, രൂപം വെഞ്ചരിപ്പും ലദീഞ്ഞും നടന്നു. ഫാ. സജി മുക്കൂട്ട് തിരുനാള്‍ സന്ദേശം നല്കി.

ജുലൈ ഒന്നിനു (വെള്ളി) വൈകുന്നേരം അഞ്ചിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി. എത്യോപ്യയിലെ നെകെംതെ രൂപത ബിഷപ് വര്‍ഗീസ് തോട്ടംകര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, ഫാ. റെന്നി കട്ടേല്‍, ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഏഴു മുതല്‍ ഗാനമേള, മിമിക്രി. ന്യൂയോര്‍ക്ക് ന്യൂമ്യുസിക് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന സംഗീതസയാഹ്നം.

രണ്ടിനു (ശനി) വൈകുന്നേരം അഞ്ചിനു ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. ഏഴു മുതല്‍ പുതിയ ഭൂമി, പുതിയ മനുഷ്യന്‍ എന്ന സാമൂഹിക നാടകം. മനോജ് ലാമണ്ണില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ ഇടവകയിലെ തന്നെ കലാകാരന്മാര്‍ വേഷമിടുന്നു.

മൂന്നിനു (ഞായര്‍) 10നു ഫാ. റെന്നി കട്ടേല്‍, ഫാ. ജോസഫ് ആദോപ്പിള്ളില്‍, ഫാ. തോമസ് മലയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദുക്റാന തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന് എന്നിവ നടക്കും. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

ജൂണ്‍ 24 മുതല്‍ 30 വരെ എല്ലാദിവസങ്ങളിലും കുടുംബ വാര്‍ഡുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ഥനയും നടക്കും. മരിച്ചവരുടെ ഓര്‍മദിനമായ ജുലൈ നാലിനു (തിങ്കള്‍) വൈകുന്നേരം 6.30നു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മങ്ങള്‍ക്കുശേഷം കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.

ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ തിരുനാളിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍