സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍
Friday, June 24, 2016 4:57 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ വിശുദ്ധ തോമാശ്ശീഹായുടെ ഓര്‍മത്തിരുന്നാളിനു ജൂണ്‍ 26-ന് കൊടിയേറുന്നു. രാവിലെ പതിനൊന്നിനുള്ള ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ടോം പന്നലക്കുന്നേല്‍ എംഎസ്എഫ്എസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു. രൂപത വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ കൊടിയേറ്റ് കര്‍മത്തിനു നേതൃത്വം നല്‍കും.

ജൂണ്‍ 27, 28, 29, 30 തീയതികളില്‍ വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 29-നു മലങ്കര ക്രമത്തിലുള്ള കുര്‍ബാനയ്ക്ക് ഫാ. ബാബു മഠത്തില്‍പറമ്പില്‍ കാര്‍മികത്വം വഹിക്കുന്നു.

ജൂലൈ ഒന്നാം തീയതി (വെള്ളിയാഴ്ച) അഞ്ചിന് ഇംഗ്ളീഷിലുള്ള ആഘോഷമായ കുര്‍ബാനയ്ക്കും, നൊവേനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഏഴിനു ഇടവകയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന സീറോ മലബാര്‍ നൈറ്റ് അരങ്ങേറും. രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഈ ദൃശ്യവിരുന്നിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മെത്രാഭിഷേകദിനം ആഘോഷിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്തിനേയും, പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിനേയും ഇടവക ജനം പ്രത്യേകം അനുമോദനങ്ങള്‍ ഈ അവസരത്തില്‍ അര്‍പ്പിക്കുന്നതാണ്.

ജൂലൈ രണ്ടാംതീയതി (ശനിയാഴ്ച) വൈകിട്ട് അഞ്ചിനുള്ള ആഘോഷമായ ഇംഗ്ളീഷ് കുര്‍ബാന ഫാ. ജോസഫ് പാലയ്ക്കല്‍ സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നു. ഫാ. ഡേവിഡ് മൌറി വചന സന്ദേശം നല്‍കും. ഇടവകയിലെ യുവജനങ്ങള്‍ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ തിരുനാള്‍ നൈറ്റ് (വിസ്മയം 2016) വൈകുന്നേരം ഏഴിനു ആരംഭിക്കും. മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാള്‍ നൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ജൂലൈ മൂന്നിനു (ഞായറാഴ്ച) രാവിലെ ഒമ്പതിനു കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 4.30-നു ആരംഭിക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം ഫാ. ബ്രിറ്റോ ബെര്‍ക്കുമാന്‍സ് നല്‍കുന്നു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും, അതിനുശേഷം സ്നേഹവിരുന്നും നയനാനന്ദകരമായ ലേസര്‍ഷോയും ഉണ്ടായിരിക്കും.

ജൂലൈ നാലിനു (തിങ്കളാഴ്ച) വൈകുന്നേരം ഏഴിനു പരേതാത്മാക്കള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

ജൂലൈ പത്തിനു (ഞായറാഴ്ച) രാവിലെ 8 മണിക്ക് ഫാ. പോള്‍ പൂവത്തിങ്കലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. രാവിലെ പതിനൊന്നിനു മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും കാര്‍മികത്വം വഹിക്കും.

ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഈ തിരുനാളിന്റെ എല്ലാ തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുവാനായി ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും യുവജനങ്ങളും ഏവരെയും ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം