അമേരിക്കയില്‍ ഫിലിം അവാര്‍ഡ് നിശ ജൂലൈ 23, 24 തീയതികളില്‍
Monday, June 20, 2016 6:26 AM IST
ന്യൂയോര്‍ക്ക്: ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് ഒസ്കര്‍ മാതൃകയില്‍ ഫിലിം അവാര്‍ഡ് നിശയും വ്യത്യസ്ത ഷോയുമായി ജൂലൈ 23നു ഷിക്കാഗൊയിലും 24 ന്യൂയോര്‍ക്കിലും നടത്തുന്ന അവര്‍ഡ് നിശയില്‍ മലയാളത്തിലെ യുവ താരങ്ങള്‍ പങ്കെടുക്കുന്നു.

ജേതാക്കള്‍ക്കു കാഷ് അവാര്‍ഡും സ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മാതൃകയിലുള്ള ശില്പവുമാണു സമ്മാനിക്കുക.

ന്യൂയോര്‍ക്കിലെ പരിപാടിയില്‍ ദുല്‍ക്കര്‍ സല്‍മാനും ഷിക്കാഗോയില്‍ കുഞ്ചാക്കൊ ബോബനും നേതൃത്വം നല്‍കും. 'ചാര്‍ളി' എന്നി സിനിമയില്‍ വ്യത്യസ്ഥ കഥാപാത്രത്തെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ദുല്‍ക്കറിനൊപ്പം എന്നു നിന്റെ മൊയ്തീനിലെ വേഷത്തിനു സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതിയും അണിനിരക്കും. ഭാവന, രമ്യ നമ്പീശന്‍, ആന്‍ അഗസ്റിന്‍, ദിവ്യമേനോന്‍, ആതിര എന്നിവര്‍ക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, സംവിധായകനുള്ള സ്റേറ്റ് അവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാര്‍ഡ് നേടിയ ജോമോന്‍ ടി. ജോണ്‍, തിരക്കഥക്ക് അവര്‍ഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാര്‍ഡ് നിശയ്ക്കു ചാരുത പകരുക.

ഇതോടനുബന്ധിച്ച് താരങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളും അരങ്ങേറും.

സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരായതിനാല്‍ എല്ലാവര്‍ക്കും തന്നെ വീസയുണ്ട്. അതിനാല്‍ പരിപാടി റദ്ദാകുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഫ്ളവേഴ്സ് ടിവിയുടെ ലോഞ്ചിംഗും നടക്കും. ഫ്ളവേഴ്സ് ടിവി സാരഥി ശ്രീകണ്ഠന്‍ നായരും മറ്റും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: ആനി ലിബു (347) 6401295, സജി (516) 6063268, ജയന്‍ മുളങ്ങാട് (630) 6405007, ഡയസ് ദാമോദരന്‍ (832) 6439131.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍