ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Friday, June 17, 2016 6:16 AM IST
ഫിലഡല്‍ഫിയ: ദൈവികകരുണയുടെ ജൂബിലി വര്‍ഷം ആഗോളസഭ ആചരിക്കുന്നതിനോടനുബന്ധിച്ച് കുട്ടികളുടെ ഒരു വര്‍ഷം നീണ്ടുനിന്ന വിശ്വാസപരിശീലനത്തിന്റെ പരിസമാപ്തിയായ മതബോധന സ്കൂള്‍ വാര്‍ഷികം സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ജൂണ്‍ 12നു വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, പിറ്റിഎ പ്രസിഡന്റ് ജോജി ചെറുവേലില്‍, സ്കൂള്‍ കൌണ്‍സില്‍ പ്രസിഡന്റ് കിരണ്‍ ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി ഉദ്ഘാടനം ചെയ്തു.

കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്, ഒന്നും രണ്ടും ക്ളാസുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം ടീം തിരിഞ്ഞ് അവതരിപ്പിച്ച ആക്ഷന്‍ സോംഗുകള്‍ മൂന്നാം ക്ളാസ് കുട്ടികളുടെ പത്തു കല്പനകള്‍ എന്ന ആക്ഷന്‍ സോംഗ്, മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ആക്ഷന്‍ സോംഗ്, നാലു മുതല്‍ ആറു വരെയുള്ള കുട്ടികളുടെ സ്കിറ്റ്, എമിലിന്‍ തോമസിന്റെ ലഘുപ്രസംഗം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു.

കുരുവിള ജയിംസ് പെരിങ്ങാട്ട് ചീഫ് എഡിറ്ററായും മാത്യു ജോര്‍ജ് ചെമ്പ്ളായില്‍ ചീഫ് ഡിസൈനറായും ഷാനന്‍ തോമസ്, സഫാനിയ പോള്‍,
ജൂലിയറ്റ് ജോണി, അനിത കുന്നത്ത്, കാരളിന്‍ ജോര്‍ജ്, അഞ്ജു ഷാജന്‍ എന്നിവര്‍ എഡിറ്റോറിയല്‍ കമ്മിറ്റി മെംബേഴ്സ് ആയും പ്രസിദ്ധീകരിച്ച സ്കൂള്‍ ഈയര്‍ ബുക്കിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.

പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകളില്‍നിന്നും നൂറുശതമാനം ഹാജര്‍ നേടിയവര്‍ക്കും ഓരോ ക്ളാസിലും ബെസ്റ് സ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വികാരി ഫാ. ജോണികുട്ടി പുലിശേരി ആദരിച്ചു. മാര്‍ച്ചില്‍ നടത്തിയ ഫെയ്ത്ത് ഫെസ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും ബൈബിള്‍ ജപ്പടി വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും എസ്എംസിസി സ്പോണ്‍സര്‍ ചെയ്യുന്ന എസ്എടി അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.

ഫെയ്ത്ത് ഫെസ്റിനോടനുബന്ധിച്ച് നടത്തിയ വ്യക്തിഗത മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ കുട്ടികളെ കലാതിലകമായും കലാപ്രതിഭയായും ആദരിച്ചു. സീനിയര്‍ വിഭാഗത്തില്‍ എമിലിന്‍ തോമസ് കലാതിലകമായും ജോണ്‍ സോജന്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ജൂണിയര്‍ വിഭാഗത്തില്‍ ഏയ്ഞ്ചല ചാക്കോ കലാതിലകവും നിതിന്‍ മാത്യു സിറിയക് കലാപ്രതിഭയുമായി. ഇവര്‍ക്ക് കാഷ് അവാര്‍ഡുകളും ട്രോഫികളും നല്കി ആദരിച്ചു. ഫെയ്ത്ത് ഫെസ്റ് ട്രോഫികള്‍ അറ്റോര്‍ണി ജോസ് കുന്നേലും ബൈബിള്‍ ജപ്പടി കാഷ് അവാര്‍ഡുകള്‍ ബിനു പോളും സ്പോണ്‍സര്‍ ചെയ്തു.

ഡോ. ബ്ളെസി മെതിക്കളം ജനറല്‍ കോഓര്‍ഡിനേറ്ററായി മതാധ്യാപകരായ മോളി ജേക്കബ്, അനു ജയിംസ്, നീതു മുക്കാടന്‍, കാരളിന്‍ ജോര്‍ജ്, ദിവ്യ പാറ്റാനിയില്‍, ആനി മാത്യു, മറിയാമ്മ ഫിലിപ്പ്, മെര്‍ലി പാലത്തിങ്കല്‍, ഡോ. ബിന്ദു മെതിക്കളം, ജോസ് മാളേയ്ക്കല്‍, ജോസഫ് ജയിംസ്, റജീന ജോസഫ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുരുവിള ജയിംസ്, സഫാനിയ പോള്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഡോ. ജയിംസ് കുറിച്ചി, സ്കൂള്‍ കൌണ്‍സില്‍ പ്രസിഡന്റ് കിരണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളിയേക്കല്‍