മലയാളം സൊസൈറ്റി, ഹൂസ്റന്‍ ചെറുകഥയും ഭാഷാ സംഗ്രഹവും
Friday, June 10, 2016 4:47 AM IST
ഹൂസ്റന്‍: ഗ്രെയ്റ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ (2016) ജൂണ്‍ സമ്മേളനം അഞ്ചിനു വൈകുന്നേരം നാലിനു സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ജോസഫ് തച്ചാറ 'ഗാനഗന്ധര്‍വ്വന്‍' എന്ന ചെറുകഥയും ദേവരാജ് കാരാവള്ളില്‍ 'മലയാള ഭാഷയുടെ ആവിര്‍ഭാവവും ചില നിഗമനങ്ങളും' എന്ന പ്രബന്ധവും അവതരിപ്പിച്ചു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം, അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തോടൊപ്പം ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും അവതാരകരെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു. തുടര്‍ന്ന് ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ ഗാനഗന്ധര്‍വ്വന്‍ എന്ന കഥ പാരായണം ചെയ്തു.

തുടര്‍ന്നു ദേവരാജ് കാരാവള്ളില്‍ 'മലയാള ഭാഷയുടെ ആവിര്‍ഭാവവും ചില നിഗമനങ്ങളും' എന്ന പ്രബന്ധം അവതരിപ്പിച്ചു. ഭാഷ പല കാലങ്ങളിലൂടെയുള്ള നിരന്തര പരിവര്‍ത്തന പരിശ്രമത്തിന്റെ പരിണത ഫലമാണെന്ന് അദ്ദേഹം അറിയിച്ചു. ചെറുപ്രബന്ധമെങ്കിലും ഭാഷയുടെ തുടക്കം മുതലുള്ള ചരിത്രപരമായ മാറ്റങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. തമിഴിന്റെ സ്വാധീനത്തില്‍ ആരംഭിച്ച ഭാഷ ക്രമേണ രൂപാന്തരപ്പെട്ട് സ്വതന്ത്രമായ ഒരു ഭാഷയായി മാറി. ഭാഷയ്ക്ക് ഒരു പൂര്‍ണ്ണമായരൂപം കൊടുക്കാന്‍ എഴുത്തച്ഛന്റെ രചനകള്‍ വളരെ സഹായിച്ചു.

പദ്യങ്ങളിലൂടെയും കവിതകളിലൂടെയുമാണ് ആരംഭകാലത്ത് ഭാഷ നിലനിന്നത്. ആദ്യകാല കവിതകളെല്ലാംതന്നെ വൃത്ത, താളബദ്ധമായിരുന്നു. എന്നാല്‍ ഇന്ന് യാതൊരു നിബന്ധനകളുമില്ലാതെ വാക്കുകളും അക്ഷരങ്ങള്‍പോലും മുറിച്ച് കവിതയെന്ന പേരില്‍ എഴുതി വിടുന്ന പ്രവണതയോട് അദ്ദേഹം യോജിപ്പു കാണിച്ചില്ല. കൂടിയിരുന്നവരെല്ലാം തന്നെ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുകൊണ്ട് ഭാഷാ ചരിത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ വിവരിച്ചു.

തുടര്‍ന്നുള്ള പൊതുചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ ആശിഷ് ഏബ്രഹാം, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോസഫ് തച്ചാറ, ജോര്‍ജ് ഏബ്രഹാം, സജി പുല്ലാട്, തോമസ് തയ്യില്‍, ജി. പുത്തന്‍കുരിശ്, ജോസഫ് പൊന്നോലി, ദേവരാജ് കാരാവള്ളില്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, കുര്യന്‍ മ്യാലില്‍, ജെയിംസ് മുട്ടുങ്കല്‍, ടി.എന്‍. ശാമുവല്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. അടുത്ത സമ്മേളനം ജൂണ്‍ 25-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില) , ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217